2017 ഓഗസ്റ്റ് 10. പാര്‍ലമെന്‍റേറിയന്‍ എന്ന കുപ്പായമഴിച്ച് സീതാറാം യച്ചൂരി ഒരു സഖാവ് മാത്രമായി ഇറങ്ങിയ ദിവസം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ യച്ചൂരിക്ക് ഒരിക്കല്‍ക്കൂടി രാജ്യസഭയിലേക്ക് തിരിച്ചെത്താന്‍ പാര്‍ട്ടിയില്‍ ആരും എതിര് നില്‍ക്കില്ലെന്ന് ഉറപ്പ് . പക്ഷേ ഇറങ്ങുമ്പോള്‍ അദ്ദേഹം പറഞ്ഞു . ഒരിക്കലും വരരുതെന്ന് ആഗ്രഹിച്ച സ്ഥലത്തേക്കാണ് പാര്‍ട്ടി 1996ല്‍ പറഞ്ഞുവിട്ടത് . പക്ഷേ ഈ സഭ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു . ആ വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം രാജ്യസഭ മാര്‍ഷല്‍മാരെയും സ്റ്റെനോഗ്രാഫ്രമാരെയും അഭിസംബോധന ചെയ്താണിറങ്ങിയത്.
അദ്ദേഹത്തിന്‍റെ പ്രസംഗത്തിലെ പ്രസക്തഭാങ്ങള്‍ ഇങ്ങനെ
2001ല്‍ ഭൂകമ്പത്തില്‍ തകര്‍ന്ന ഗുജറാത്തിലെ ഭാവ്നഗറില്‍ സിപിഎം നേതൃത്വത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി നിയോഗിച്ചത് എന്നെ. മടങ്ങി ഡല്‍ഹിയിലെത്തിയപ്പോള്‍ കേന്ദ്രസര്‍ക്കാരിന്‍റെ സര്‍വകക്ഷി അവലോകനയോഗം. പാര്‍ട്ടി പ്രതിനിധിയായി യോഗത്തിനെത്തിയതും ഞാന്‍ തന്നെ. പാര്‍ലമന്‍റിലെ ലിഫ്റ്റില്‍ ആകസ്മികമായി പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ കണ്ടു. ഇപ്പോള്‍ ഹൗസിലൊന്നും കാണാറില്ലല്ലോ എന്ന് പ്രധാനമന്ത്രി. ഞാന്‍ ആകെ അമ്പരന്നു. അദ്ദേഹത്തെ വീട്ടില്‍പോയി കാണുന്ന പതിവ് എനിക്കില്ലായിരുന്നു. അദ്ദേഹം ഉദ്ദേശിച്ച ഹൗസ് സഭയായിരുന്നെന്ന് മനസിലായതുമില്ല. പാര്‍ലമെന്‍റിനെ കുറിച്ചുള്ള അന്നത്തെ എന്‍റെ ധാരണ അതായിരുന്നു.
ബൗദ്ധിക സ്വത്തവകാശത്തെ അംഗീകരിക്കാത്തവരാണ് ഞങ്ങള്‍ .അതുകൊണ്ടാണ് സര്‍ക്കാരുകളെ പുറത്തു നിന്ന് പിന്തുണച്ചത്. അതിന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എനിക്ക് ചാര്‍ത്തിയ പേര് സീതാറാം ഒബിച്വറി എന്നാണ്. അതായത് സര്‍ക്കാരുകളുടെ ചരമക്കുറിപ്പ് എഴുതുന്നയാളെന്ന് അര്‍ഥം . യുപിഎ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചതിനാണ് ഈ വിശേഷണം. ഞാന്‍ ജയറാം രമേശിനെ വിശേഷിപ്പിക്കുന്നത് ജയറാം മോര്‍ച്ചറി എന്നാണ് . ജയറാമിന്‍റെയും അവരുടെ പാര്‍ട്ടിയുടെയും നയം പിന്തുടര്‍ന്നാല്‍ മോര്‍ച്ചറിയിലാകുമെന്ന് ഉറപ്പ്.
മദിരാശിയിലെ ജനറല്‍ ആശുപത്രിയില്‍ തെലുങ്ക് സംസാരിക്കുന്ന ബ്രാഹ്മണദമ്പതിമാരുടെ മകനായാണ് ഞാന്‍ ജനിച്ചത്. ഹൈദരാബാദിലെ മുസ്ലീം സ്കൂളില്‍ പ്രാഥമിക പഠനം. വിവാഹം കഴിച്ചത് ഹിന്ദു മുസ്ലീം മിശ്രിവിവാഹിതരുടെ മകളെ. ഞങ്ങള്‍ക്കുണ്ടായ മകന്‍ , അവന്‍ ആരാണ് ? ഹിന്ദുവോ മുസ്ലീമോ ബ്രാഹ്മണനോ ദക്ഷിണേന്ത്യനോ ഉത്തരേന്ത്യനോ ? ഉത്തരം ലളിതമാണ് അവന്‍ ഇന്ത്യാക്കാരനാണ്.
വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി . ആ വൈവിധ്യത്തെ അവഗണിക്കാനാണ് ശ്രമം.അത് ഇന്ത്യയെ ദുര്‍ബലപ്പെടുത്തും. യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്ന സഭയും സമൂഹവും വഴിമാറിപ്പോകുന്നത് ശരിയല്ല. അയഥാര്‍ഥ ലോകത്ത് കഴിയുന്ന ഇന്ത്യയിലെ ഭരണാധികാരികള്‍ രാജ്യത്തിന്‍റെ കരുത്ത് മനസിലാക്കി യഥാര്‍ഥ ലോകത്തേക്ക് മടങ്ങിവരണം