pinarayi-group-song

‘കാരണഭൂതന്‍’ തിരുവാതിരയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംഘഗാനം. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ മന്ദിരം ഉദ്ഘാടനച്ചടങ്ങില്‍ ആലപിക്കാനാണ് പാട്ടെഴുതിയത്. ധനകാര്യവകുപ്പിലെ പൂവത്തൂര്‍ ചിത്രസേനന്‍ രചിച്ച പാട്ടിന് നിയമവകുപ്പിലെ സെക്ഷന്‍ ഓഫിസര്‍ കെ.എസ്.വിമല്‍ സംഗീതവും നല്‍കി. സമരധീര സാരഥിയെന്നും പടനായകനെന്നുമെല്ലാം പാട്ടില്‍ മുഖ്യമന്ത്രിയെ വിശേഷിപ്പിക്കുന്നുണ്ട്. പഠനകാലം പടയുടെ നടുവിലായിരുന്നുവെന്നും അടിയന്തരാവസ്ഥക്കാലത്തെ പീഡനവും കോവിഡും നിപ്പയും കാലവര്‍ഷക്കെടുതിയും തുടങ്ങി ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും ഉരുള്‍പൊട്ടല്‍വരെ പാട്ടില്‍ വിഷയമായിട്ടുണ്ട്.

നൂറ് വനിതാ ഉദ്യോഗസ്ഥര്‍ നാളെ മുഖ്യമന്ത്രിയെ വേദിയിലിരുത്തി ഗാനമാലപിക്കും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാറശാലയിൽ പിണറായി സ്തുതിയുമായി മെഗാ തിരുവാതിര അവതരിപ്പിച്ചത് വിവാദമായിരുന്നു. വ്യക്തിപൂജയെ തള്ളിപ്പറയുന്നുവെന്ന് അവകാശപ്പെടുന്ന സിപിഎം, പുതിയ ഫീനിക്സ് പാട്ടിനോട് ഇതുവരെ നിലപാടെടുത്തിട്ടില്ല. പാട്ടിന്‍റെ പൂര്‍ണരൂപം ഇങ്ങനെ..

ചെമ്പടയ്ക്ക് കാവലാള്‍

ചെങ്കനല്‍ കണക്കൊരാള്‍

ചെങ്കൊടി കരത്തിലേന്തി കേരളം നയിക്കയായി

തൊഴിലിനായി പൊരുതിയും ജയിലറകള്‍ നേടിയും

ശക്തമായ മര്‍ദനങ്ങളേറ്റ ധീരസാരഥി

സമരധീര സാരഥി പിണറായി വിജയന്‍

പടയുടെ മുന്‍പില്‍ പടനായകന്‍

മതതീവ്രവാദികളെ തച്ചുടച്ചുനീങ്ങവേ

പിന്തിരിഞ്ഞു നോക്കിടാതെ മുന്നിലേക്ക് പോകയും

ഇരുളടഞ്ഞ പാതയില്‍ ജ്വലിച്ച സൂര്യനായിടും

ചെങ്കൊടിപ്രഭയിലൂടെ ലോകര്‍ക്ക് മാതൃകയായി

സമരധീര സാരഥി പിണറായി വിജയന്‍

പടയുടെ മുന്‍പില്‍ പടനായകന്‍

ദുരിതപൂര്‍ണ ജീവിതം വിപ്ലവത്തിന്‍ പാതയില്‍

കുടുംബ ബന്ധമൊക്കെയും തടസമല്ലയോര്‍ക്കണം

പഠനകാലമൊക്കെയും പടയുടെ നടുവിലായ്

എതിര്‍ത്തവര്‍ക്കുടനടി മറുപടി കൊടുത്തയാള്‍

സമരധീര സാരഥി പിണറായി വിജയന്‍

ടയുടെ മുന്‍പില്‍ പടനായകന്‍

ക്രൂരമാം മര്‍ദനങ്ങളേറ്റുവാങ്ങിടുമ്പോഴും

ശത്രുവിന്‍റെ മുന്നില്‍ തലകുനിച്ചിടാത്തയാള്‍

അടിയന്തരാവസ്ഥയില്‍ അടിച്ചൊടിച്ചു ദേഹമേ

രക്തമേറ്റ വസ്ത്രമിട്ടു സഭയിലേക്ക് വന്നവന്‍

കാക്കിയിട്ട കോമരങ്ങളൊക്കവേ വിറച്ചതും

ശക്തമായ ത്യാഗപൂര്‍ണ ജീവിതം നയിച്ചവന്‍

സമരധീര സാരഥി പിണറായി വിജയന്‍

പടയുടെ മുന്‍പില്‍ പടനായകന്‍

പാടവും പറമ്പുകേരമൊക്കെയും പടക്കളം

ജന്മിവാഴ്ചയെ തകര്‍ത്തു തൊഴിലിടങ്ങളാക്കിയോന്‍

പണിയെടുത്തു ഭക്ഷണത്തിനായി പൊരുതുമച്ഛനെ

തഴുകിയ കരങ്ങളില്‍ ഭരണചക്രമായിതാ...

സമരധീര സാരഥി പിണറായി വിജയന്‍

പടയുടെ മുന്‍പില്‍ പടനായകന്‍

കൊറോണ നിപ്പയൊക്കവേ തകര്‍ത്തെറിഞ്ഞ നാടിതേ

കാലവര്‍ഷക്കെടുതിയും ഉരുള്‍പൊട്ടലൊക്കവേ

ദുരിതപൂര്‍ണ ജീവിതമിരുളിലായ കാലവും

കൈവിളക്കുമായി ജ്വലിച്ചുകാവലായി നിന്നയാള്‍

സമരധീര സാരഥി പിണറായി വിജയന്‍

പടയുടെ മുന്‍പില്‍ പടനായകന്‍

അയുധമച്ഛനമ്മമാര്‍ക്ക് ക്ഷേമമാം പെന്‍ഷനും

പാര്‍പ്പിടത്തിനായി പൊരുതി പാര്‍പ്പിടം വരിച്ചവര്‍

ജീവനുള്ള നാള്‍ വരെ സുരക്ഷിതത്വമേകിടാന്‍

പദ്ധതികളൊക്കെയും ജനതതിക്കുനല്‍കിയോന്‍

സമരധീര സാരഥി പിണറായി വിജയന്‍

പടയുടെ മുന്‍പില്‍ പടനായകന്‍

പദ്ധതികളൊക്കെയും ജനതതിക്കു നൽകിയോൻ’.

 
ENGLISH SUMMARY:

There is controversy over a song that praises CM Pinarayi Vijayan. The song, prepared to be sung at the inauguration ceremony of the Secretariat Employees Association building, was composed by Poovathur Chitrasena of the Finance Department