sitaram-yechury-in-parliame

ശക്തനായ പാര്‍ലമെന്റേറിയനായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. 2005 മുതല്‍ 2017വരെ രാജ്യസഭാംഗമായി.  യുപിഎയെ പിടിച്ചുലച്ച അഴിമതിയാരോപണങ്ങള്‍ സഭയില്‍ ശക്തമായി ഉന്നയിച്ചു . എല്ലാവര്‍ക്കും സഖാവായ നേതാവായിരുന്നു അദ്ദേഹം. സഹചാരിയായി ചിരിയും സൗഹൃദവും. ദുര്‍ബലമായ പാര്‍ട്ടിയെ സഖ്യസമവാക്യങ്ങളിലൂടെ ശക്തിപ്പെടുത്താന്‍ ശ്രമിച്ചു. എതിര്‍പ്പുകള്‍ക്കിടെ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് സഖ്യം പ്രധാനമെന്ന് വാദിച്ചു. 2004ല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് യുപിഎ സഖ്യ സര്‍ക്കാരിനായി മുന്‍കയ്യെടുത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഡല്‍ഹി എയിംസിലായിരുന്നു സീതാറാം യച്ചൂരിയുടെ അന്ത്യം. പ്രതിസന്ധികളില്‍ പതറാതെ, ഒന്‍പതുവര്‍ഷം ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടിയെ നയിച്ച സഖാവാണ് വിടവാങ്ങുന്നത്. 72–ാം വയസ്സിലാണ് അന്ത്യം.  മൃതദേഹം മെഡിക്കല്‍ പഠനത്തിന് എയിംസിന് വിട്ടുനല്‍കാനാണ് തീരുമാനം. മൃതദേഹം ഇന്നും നാളെയും എയിംസില്‍ സൂക്ഷിക്കും. മറ്റെന്നാള്‍ എ.കെ.ജി ഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 

32 വര്‍ഷമായി സിപിഎം പൊളിറ്റ് ബ്യൂറോയില്‍ അംഗമായ അദ്ദേഹം, അറുപതുകളുടെ അവസാനം തെലങ്കാന പ്രക്ഷോഭത്തിലൂടെ പ്രക്ഷോഭങ്ങളുടെ വഴിയിലെത്തി.  ഇടതുരാഷ്ട്രീയക്കനല്‍ രാജ്യത്ത് ജ്വലിപ്പിച്ചു നിര്‍ത്തുന്നതില്‍ യച്ചൂരി വഹിച്ച പങ്ക് നിസ്തുലമാണ്.  പാര്‍ട്ടിയില്‍ എന്നും പ്രായോഗികവാദിയായിരുന്നു അദ്ദേഹം. സഖ്യങ്ങളിലൂടെ പാര്‍ട്ടിയുടെ അടിത്തറ വിപുലമാക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു.

ENGLISH SUMMARY:

Sitaram Yechury: A Comrade to all