sitaram-yechury-the-pragmat

ദേശീയ തലത്തില്‍ ഇടതുപക്ഷത്തിന്‍റെ പ്രസക്തിതന്നെ ചോദ്യംചെയ്യപ്പെട്ട കാലത്ത് സിപിഎമ്മിനെ നയിച്ച പ്രായോഗിക വാദിയാണ് സീതാറാം യച്ചൂരി.  ദുര്‍ബലമായ പാര്‍ട്ടിയെ സഖ്യസമവാക്യങ്ങളിലൂടെ ശക്തിപ്പെടുത്താന്‍ ശ്രമിച്ചു യെച്ചൂരി.  ബിജെപിയ‌ാണ് മുഖ്യശത്രുവെന്നും നേരിടാന്‍ വിശാല മുന്നണിവേണമെന്നും നേരത്തെ പറഞ്ഞതും പ്രായോഗികതുടെ ദീര്‍ഘവീക്ഷണമായിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

പാര്‍ലമെന്‍ററി രാഷ്ട്രീയത്തില്‍ സിപിഎം ചരിത്രത്തിലെതന്നെ വലിയവെല്ലുവിളി നേരിട്ട പതിറ്റാണ്ടിന്‍റെ പാതിയിലാണ് സീതാറാം യെച്ചൂരി പാര്‍ട്ടിയുടെ അമരത്തെത്തുന്നത്, 2015ല്‍ വിശാഖപട്ടണത്ത് 21–ാം പാര്‍ട്ടികോണ്‍ഗ്രസില്‍.  ലോക്സഭയില്‍ അന്ന് സിപിഎമ്മിന്‍റെ അംഗസംഖ്യ ഒന്‍പത്.  ഡല്‍ഹിയില്‍ പ്രത്യയശാസ്ത്ര വിശകലനങ്ങള്‍ നടത്തിയിരുന്ന ബുദ്ധിജീവിക്ക് ജനറല്‍ സെക്രട്ടറി പദത്തിലെ ആദ്യ പരീക്ഷ ദേശിയ തലത്തില്‍ ദുര്‍ബലമായ പാര്‍ട്ടിയെ ശക്തിപ്പെടുത്തലായിരുന്നു. 

രാജ്യത്തെ പ്രതികൂല രാഷ്ട്രീയാന്തരീക്ഷത്തില്‍ യെച്ചൂരിക്ക് അത്ഭുമൊന്നും സാധ്യമായിരുന്നില്ല.  2019ല്‍ ലോക്സഭയില്‍ പാര്‍ട്ടി മൂന്നംഗങ്ങളിലേക്കു ചുരുങ്ങി. ബംഗാളിലേതിനുപുറമേ ത്രിപുരയിലും അധികാരത്തില്‍നിന്ന് പുറത്തായി.  മൂന്നാംമുന്നണിക്കായി ചര്‍ച്ചയ്ക്ക് ചുക്കാന്‍പിടിച്ചിരുന്ന നേതാവിന് സ്വന്തം പാര്‍ട്ടിയുടെ സാന്നിധ്യം നിലനിര്‍ത്തല്‍തന്നെയായി പ്രധാന വെല്ലുവിളി. 

sitaram-yechury-in-parliame

പ്രത്യയശാസ്ത്രത്തിനൊപ്പം പ്രായോഗികതയും പയറ്റുന്ന പരിവര്‍ത്തനമാണ് യച്ചുരിയില്‍ പിന്നീടുകണ്ടത്.  അംഗബലമില്ലാത്തിടത്ത് സഖ്യബലമാണ് മാര്‍ഗമെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ പരാജയമായിരുന്നു ആദ്യഫലങ്ങള്‍.  ആന്ധ്രയിൽ കോൺഗ്രസുമായും യുപിയിൽ എസ്പിയുമായും  ബിഹാറിൽ ആർജെഡിയുമായും നടത്തിയ സഖ്യചർച്ചകളിൽ നേട്ടമുണ്ടായില്ല, പക്ഷേ ആ രാഷ്ട്രീയക്കാരന്‍ പിന്‍വാങ്ങിയില്ല. 

ബിജെപിയും ഹിന്ദുത്വ രാഷ്ട്രീയവുമാണ് മുഖ്യശത്രുവെന്നും പോരാടാന്‍ കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികളുമായി ഒന്നിച്ചുനില്‍ക്കണമെന്നും യെച്ചൂരി ആവര്‍ത്തിച്ചു.  കോണ്‍ഗ്രസുമായി സഖ്യം കേരളത്തിലെ നേതാക്കള്‍ക്കടക്കം അചിന്തനീയമായിരുന്നു.  പൊളിറ്റ്ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും ജനറല്‍ സെക്രട്ടറിയുടെ നിലപാടിന് ഭൂരിപക്ഷ പിന്തുണ ലഭിച്ചില്ല. അധികാരമുള്ള കേരളത്തിന്‍റെ സമ്മര്‍ദത്തില്‍ കോണ്‍ഗ്രസുമായി നേരിട്ടുള്ള സഖ്യത്തില്‍നിന്ന് യെച്ചൂരി ആദ്യം പിന്‍വാങ്ങിയെങ്കിലും പിന്നീട് ഇന്ത്യമുന്നണി രൂപീകരണത്തിന് അദ്ദേഹം മുന്നില്‍നിന്നു. 

2005 മുതല്‍ 2017 വരെ ആ ഉറച്ച ശബ്ദം രാജ്യസഭയില്‍ മുഴങ്ങി. അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരെ വ്യക്തമായ കാഴ്ചപ്പാടുള്ള കമ്യൂണിസ്റ്റിന്‍റെ നിലപാട് രാജ്യം കേട്ടു. രാജ്യസഭയില്‍ തുടരണമെന്നുണ്ടായിരുന്നു യെച്ചൂരിക്ക്, കേരള ഘടകമാണ് എതിരുനിന്നത്.  യെച്ചൂരി പാര്‍ലമെന്‍റില്‍ വേണമെന്ന് സോണിയയും രാഹുലുമുള്‍പ്പെടെ ആഗ്രഹിച്ചു.  മോദി സര്‍ക്കാരിനെതിരെ യെച്ചൂരിയേക്കാള്‍ നന്നായി ശബ്ദമുയര്‍ത്താന്‍ മറ്റാരുമില്ലെന്ന് അവര്‍ക്കും ബോധ്യമുണ്ടായിരുന്നു. 

സിപിഎമ്മിന് ഇന്ന് ലോക്സഭയിലുള്ള നാലംഗങ്ങളില്‍ മൂന്നുപേരുമെത്തിയത് ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമായാണ്. കോണ്‍ഗ്രസുമായുള്ള സഖ്യത്തെ എതിര്‍ത്തിരുന്ന പാര്‍ട്ടിയിലെ ഭൂരിപക്ഷം യെച്ചൂരിയുടെ നിലപാടിലെ പ്രായോഗികവാദവും ദീര്‍ഘവീക്ഷണവും മനസിലാക്കി.  ഇന്ന് അല്‍പം ആശ്വാസത്തോടെയാകാം യെച്ചൂരിയെന്ന തികഞ്ഞ രാഷ്ട്രീയ ജീവിയുടെ വിടചൊല്ലല്‍.  ഏകാധിപത്യത്തെ നേരിടാന്‍ കൈകോര്‍ത്തു ശക്തിനേടണമെന്ന സഖാവിന്‍റെ ഓര്‍മപ്പെടുത്തലിന് എക്കാലവും മരണമില്ല. 

ENGLISH SUMMARY:

Sitaram Yechury: The Pragmatic Leader