sitharam-yechury

TOPICS COVERED

ഇന്നലെ അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് ആദരാഞ്ജലിയർപ്പിച്ച് രാജ്യതലസ്ഥാനം. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സൂക്ഷിച്ചിട്ടുള്ള ഭൗതിക ശരീരം വൈകീട്ട് വസന്ത്കുഞ്ചിലെ വീട്ടിലെത്തിക്കും. കേരളത്തിൽ നിന്നടക്കമുള്ള സിപിഎം നേതാക്കൾ യച്ചൂരിയുടെ അന്ത്യയാത്രയ്ക്ക് സാക്ഷ്യം വഹിക്കാൻ ഡൽഹിയിലെത്തിത്തുടങ്ങി. സജീവമെങ്കിലും ശോകമൂകമാണ് എകെജി ഭവൻ.  

 

നിറപുഞ്ചിരിയോടെയുള്ള സീതാറാമിൻറെ ചിത്രത്തിനുമുന്നിൽ രാവിലെ മുതൽ സഹപ്രവർത്തകരും സുഹൃത്തുക്കളും പുഷ്പാഞ്ജലിയർപ്പിക്കുകയാണ്. വിവിധ കക്ഷി  നേതാക്കൾ വന്നുംപോയുമിരിക്കുന്നു. പ്രതിസന്ധിഘട്ടത്തിൽ തളരാത്ത നേതാവായിരുന്നു യച്ചൂരിയെന്ന് ജനാധിപത്യമഹിളാ അസോസിയേഷൻ പ്രസിഡൻറ് പി.കെ ശ്രീമതി. 

വൈകീട്ട് നാലുമണിക്ക് യച്ചൂരിയുടെ ഭൗതികശരീരം ജെ.എൻ.യു ക്യാംപസിൽ എത്തിക്കും. 10 മിനിറ്റ് പൊതുദർശനം. തുടർന്ന് വസഞ്ച് കുഞ്ചിലെ വസതിയിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ എട്ടുമണിയോടെ മൃതദേഹം വീട്ടിൽ നിന്ന് എടുക്കും, 11 മണിക്ക് സിപിഎം ദേശീയ ആസ്ഥാനമായ  എകെജി ഭവനിലെത്തും, അ‍ഞ്ചുമണി വരെ പൊതുദർശനം. ശേഷം മൃതദേഹം വൈദ്യപഠനത്തിനായി എയിംസിന് വിട്ടുനൽകും.

ENGLISH SUMMARY:

Delhi tribute to Sitaram Yechury; First public viewing at JNU.