200 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകള്‍ക്കായുള്ള 58,000 കോടി രൂപയുടെ കരാറില്‍ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ. പുതിയ കരാർ പ്രകാരം ഓരോ ട്രെയിനിലെയും കോച്ചുകളുടെ എണ്ണം 16ൽ നിന്ന് 24 ആയി ഉയര്‍ത്തുകയും ആകെ ട്രെയിനുകളുടെ എണ്ണം 200ൽ നിന്ന് 133 ആയും കുറയ്ക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2023 മാർച്ചിലാണ് 120 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമ്മിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള കരാർ റഷ്യയുടെ സിജെഎസ്സി ട്രാൻസ്‌മാഷ്‌ഹോൾഡിങിനും റെയിൽ വികാസ് നിഗം ലിമിറ്റഡിനും ലഭിക്കുന്നത്. എന്നാല്‍ പുതിയ കരാർ പ്രകാരം ഇത് 80 ആയി കുറഞ്ഞു. അതുപോലെ, 80 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമ്മിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള കരാർ ലഭിച്ച ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന്‍റെയും ടിറ്റാഗർ വാഗൺസിന്‍റെയും കൺസോർഷ്യം 53 ട്രെയിനുകൾ നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യും.
സെപ്തംബർ ആദ്യം വന്ദേ ഭാരത് സ്ലീപ്പർ കോച്ചിന്‍റെ പ്രോട്ടോടൈപ്പ് പതിപ്പ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അനാച്ഛാദനം ചെയ്തിരുന്നു. അടുത്ത ഏതാനും ആഴ്‌ചകൾക്കുള്ളിൽ കോച്ചുകളുടെ ട്രയല്‍ റണ്‍ ആരംഭിക്കും. ഈ വർഷം ഡിസംബറിൽ പ്രവർത്തനം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 16 കോച്ചുകളുള്ള 10 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളാണ് റെയിൽവേയ്ക്കായി ബിഇഎംഎൽ നിർമ്മിക്കുന്നത്.
പുതുക്കിയ കരാർ പദ്ധതിയുടെ മൊത്തത്തിലുള്ള ചെലവിൽ മാറ്റം വരുത്തില്ലെന്നും കരാർ യഥാസമയം പൂര്‍ത്തിയാക്കുമെന്നും റെയില്‍വേ അറിയിച്ചു. ദീർഘദൂര റൂട്ടുകളിലായിരിക്കും സ്ലീപ്പർ ട്രെയിനുകൾ ഉപയോഗിക്കുക. 800 മുതൽ 1,200 കിലോമീറ്റർ വരെയുള്ള ദീർഘദൂര യാത്രകൾക്കായാണ് വന്ദേ ഭാരത് സ്ലീപ്പർ പതിപ്പ് നിർമ്മിച്ചിരിക്കുന്നത്. പഴയ കരാർ പ്രകാരം, 16 കോച്ചുകളുള്ള ട്രെയിനിന് 11 എസി ത്രീ-ടയർ, നാല് എസി ടു-ടയർ, ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ച് എന്നിവയായിരുന്നു ഉണ്ടാകേണ്ടത്.
യാത്ര സുഖവും സുരക്ഷയും മുന്‍നിര്‍ത്തിയുള്ള പ്രത്യേക രൂപകല്‍പനയാണ് വന്ദേഭാരത് സ്ലീപ്പറുകളുടേത്. ഓരോ ബര്‍ത്തിലും പ്രത്യേകം റീഡിങ് ലൈറ്റുകളും യു.എസ്.ബി പോര്‍ട്ടുകളും ഉണ്ടാകും. മോഡുലാര്‍ കിച്ചനുകള്‍, ശുചിമുറിയില്‍ ചുടുവെള്ളം തുടങ്ങിയവയും വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിലുണ്ടാകും.