കേരളത്തിന് പുതുവര്‍ഷസമ്മാനമായി 20 കോച്ചുളള വന്ദേഭാരത് അനുവദിച്ച് റെയില്‍വേ. 16 കോച്ചുളള തിരുവനന്തപുരം – കാസര്‍കോട് വന്ദേഭാരതിന്‍റെ സ്ഥാനത്താണ് 20 കോച്ചുളള പുതിയ ട്രെയിന്‍ പ്രഖ്യാപിച്ചത്.
ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിലെ ഏറ്റവും ജനപ്രിയ സര്‍വീസ് ആയി മാറിയ ട്രെയിനാണ് വന്ദേഭാരത്. കേരളത്തില്‍ വന്ദേഭാരത് പരിചയപ്പെടുത്തിയ ആ വെളളയും നീലയും നിറത്തിലുളള വണ്ടി കളം വിടുകയാണ്. മടക്കം പുതിയ താരത്തിന്‍റെ വരവിന് വഴിയൊരുക്കിയാണ് . തിരുവനന്തപുരം - കാസര്‍കോട് റൂട്ടിലെ വന്ദേഭാരതിന് പകരക്കാരനായി വരുന്നത് ചില്ലറക്കാരനല്ല. നിലവിലെ വന്ദേഭാരതില്‍ 16 കോച്ചുകളാണുളളത്. പുതിയ ട്രെയിനില്‍ 20 കോച്ചുകളുണ്ടാകും. നിലവിലെ ട്രെയിന്‍ തല്ക്കാലം ദക്ഷിണ റെയില്‍വേയുടെ കൈവശം തന്നെയുണ്ടാകും. ഏത് റൂട്ടിലേയ്ക്ക് മാറ്റുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ആലപ്പുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന എട്ട് കോച്ചുളള വന്ദേഭാരതിന് പകരമായി ഈ ട്രെയിന്‍ ഒാടിക്കണെമെന്ന ആവശ്യം യാത്രക്കാര്‍ക്കുണ്ട്. ആലപ്പുഴ വഴിയുളള സര്‍വീസും എല്ലാ ദിവസവും നിറഞ്ഞോടുന്ന വണ്ടിയാണ്.