ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. രണ്ട് സൈനികർ വീരമൃത്യുവരിച്ചു. ഗുരുതര പരുക്കുകളുടെ മറ്റു രണ്ട് കരസേനാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇന്നലെ വൈകുന്നേരമാണ് കിഷ്ത്വാറിൽ ഏറ്റുമുട്ടൽ തുടങ്ങിയത്. ജമ്മു കശ്മീർ പൊലീസും കരസേനയും ഉൾപ്പെട്ട സംയുക്ത സംഘമാണ് ഭീകരരെ നേരിടുന്നത്.
അതേസമയം, നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജമ്മു കശ്മീരിലെ ദോഡയിലെത്തും. 50 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ദോഡയിലെത്തുന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്ന മോദി പ്രാദേശിക നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. ജമ്മു മേഖലയിൽ ഉൾപ്പെടുന്ന ജില്ലയാണ് ദോഡ. ജമ്മു കശ്മീരിൽ ആദ്യഘട്ട നിയമസഭ തിരഞ്ഞെടുപ്പിന് ഇനി നാല് നാൾ മാത്രമാണ് ശേഷിക്കുന്നത്.