nipah-bengaluru

മലപ്പുറം വണ്ടൂരില്‍ നിപ ബാധിച്ചു വിദ്യാര്‍ഥി മരിച്ചതിനെ തുടര്‍ന്നു ബെംഗളൂരുവിലും അതീവ ജാഗ്രത നിര്‍ദേശം. മരിച്ച വിദ്യാര്‍ഥി ബെംഗളൂരു നഗരത്തിലെ പ്രമുഖ കോളേജിലെ വിദ്യാര്‍ഥിയാണ്. മൃതദേഹം കാണുന്നതിനും സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനുമായി കോളേജില്‍ നിന്നു15 സഹപാഠികള്‍ വണ്ടൂരില്‍ എത്തിയിരുന്നു. ഇവരില്‍ 13 പേരും കേരളത്തില്‍ തന്നെയാണുള്ളതെന്ന് സ്ഥിരീകരിച്ചു. തിരികെയെത്തിയ രണ്ടുപേരോട് പുറത്തിറങ്ങരുതെന്നു നിര്‍ദേശിച്ചു. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം മാത്രമേ ക്ലാസിലേക്കു വരാവൂയെന്ന് കോളേജ് അധികൃതരും നിര്‍ദേശം നല്‍കി. ഈ സഹചര്യത്തിലാണു കര്‍ണാടക ആരോഗ്യവരുപ്പ് അടിയന്തര യോഗം വിളിച്ചത്. നിപ സ്ഥിരീകരണ വിവരം കേരളം ഔദ്യോഗികമായി കൈമാറിയതിന്‍റെ  കൂടി അടിസ്ഥാനത്തിലാണു യോഗം. തുടര്‍നടപടികള്‍ യോഗത്തില്‍ തീരുമാനിക്കും.

അതിനിടെ, രോഗബാധയുടെ പശ്ചാത്തലത്തില്‍  മലപ്പുറത്ത് മാസ്ക് നിര്‍ബന്ധമാക്കി. കണ്ടെയിന്‍മെന്‍റ് സോണുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകളിലും മമ്പാട്ടെ ഏഴാം വാര്‍ഡിലും നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. പൊതുജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല, തിയറ്ററുകള്‍ അടച്ചിടണം, സ്കൂളുകള്‍, കോളജുകള്‍, അംഗനവാടികള്‍ അടക്കം പ്രവര്‍ത്തിക്കരുതെന്നാണ് നിര്‍ദേശം. പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ പത്തുമണിമുതല്‍ വൈകുന്നേരം ഏഴുമണി വരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂവെന്നും ജില്ലാകലക്ടര്‍ അറിയിച്ചു. 

സംസ്ഥാനത്ത് ആറാം തവണ നിപ സ്ഥിരീകരിക്കുമ്പോള്‍ രോഗം പടരാതിരിക്കാന്‍ കടുത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. വവ്വാലുകളുമായി സമ്പര്‍ക്കത്തില്‍ വരാനിടയുളള ഒരു കാര്യങ്ങളും പാടില്ലെന്നാണ് മുന്നറിയിപ്പ്. സംശയിക്കപ്പെടുന്ന രോഗലക്ഷണങ്ങളുമായി ചികില്‍സ തേടുന്ന എല്ലാവരെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കണമെന്നാണ് ആശുപത്രികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അടിക്കടി രോഗബാധയുണ്ടാകുമ്പോഴും വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് രോഗം പകരുന്നതെങ്ങനെയെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ല. 

ENGLISH SUMMARY:

Bengaluru is on high alert following the Nipah death in Kerala. The Karnataka government has called an emergency meeting. The deceased was a student at a prominent college in Bengaluru.