ജമ്മുകശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട പ്രചാരണം അവസാനിച്ചു. കോണ്‍ഗ്രസ് –നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം വിജയിച്ചാല്‍ ഭീകരവാദം തിരികെ വരുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. അതേസമയം പൂഞ്ചില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഹരിയാനയില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചു
കോണ്‍ഗ്രസ്–നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ തിരികെയെത്തിക്കുമെന്ന് കിഷ്ത്വാറിലെ പ്രചാരണ റാലിയില്‍ ആഭ്യന്ത്രമന്ത്രി പറഞ്ഞു. പത്തു വര്‍ഷത്തിനു ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളുള്ള ദക്ഷിണ കശ്മീരടക്കമാണ് മറ്റന്നാള്‍ പോളിങ് ബൂത്തിലെത്തുന്നത്.
പിഡിപി ശക്തികേന്ദ്രമായ മേഖലയില്‍ ഇക്കുറി പാര്‍ട്ടി കനത്ത വെല്ലുവിളി നേരിടുന്നു. അനന്ത്നാഗ്, കുല്‍ഗാം, ഷോപിയാന്‍, പുല്‍വാമ ജില്ലകളിലായി 16 മണ്ഡലങ്ങളാണ് ദക്ഷിണ കശ്മീരില്‍. മെഹബൂബ മുഫ്തിയുടെ മകൾ ഇല്‍ത്തിജ മുഫ്തി, CPM കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി, കോൺഗ്രസ് മുൻ കശ്മീർ പ്രസിഡന്റ് ഗുലാം അഹമ്മദ് മിർ തുടങ്ങിയവരാണ് ആദ്യഘട്ടത്തിലെ പ്രമുഖ സ്ഥാനാർഥികൾ.
ഭീകരബന്ധത്തിന്‍റെ പേരില്‍ ജയിലിലായിരുന്ന ബാരാമുള്ള എം.പി എന്‍ജിയിനയര്‍ റഷീദിന്‍റെ അവാമി ഇത്തിഹാദ് പാര്‍ട്ടി, നിരോധിത സംഘടനയായ ജമാ അത്തെ ഇസ്ലാമിയുമായി അവസാന നിമിഷം സഖ്യമുണ്ടാക്കിയത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തലവേദനയാണ്.
തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ അംഗീകാരമില്ലാത്തതിനാല്‍ അവാമി ഇത്തിഹാദ് പാര്‍ട്ടിയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരായാണ് മല്‍സരിക്കുന്നത്. പൂഞ്ചിലെ പതാന്‍ദീര്‍ മേഖലയില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ സൈന്യം തുടരുകയാണ് . തുടർച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാതലത്തിൽ കനത്ത സുരക്ഷാവലയത്തിലാണ് തിരഞ്ഞെടുപ്പ്.