കിടുകിടാ വിറയ്ക്കുന്ന തണുപ്പ് കാലമാണ് ജമ്മു കശ്മീരില്‍. അതിശൈത്യകാലമായ 'ചില്ലായ് കലാന്‍' തുടങ്ങിയതോടെ താപനില മൈനസ് 8.5 ഡിഗ്രിയിലേക്ക് താഴ്ന്നു. 1974ന് ശേഷം ഇതാദ്യമായാണ് ശ്രീനഗറിലെ താപനില ഇത്രയും താഴുന്നത്. മൈനസ് 12.8 ഡിഗ്രി സെല്‍സ്യസ് ആണ് ശ്രീനഗറില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറവ് താപനില. 1934 ഡിസംബര്‍ 13നാണ് ഈ കൊടും തണുപ്പുണ്ടായത്.
കശ്മീരിലെ മറ്റിടങ്ങളിലും താപനില താഴ്ന്ന് തന്നെയാണ്. അനന്ത്നാഗില്‍ മൈനസ് 10.5 ഉം ഷോപിയാനില്‍ മൈനസ് 10.4 ഉം പുല്‍വാമയില്‍ മൈനസ് 10.3 ഉം ആണ് താപനില രേഖപ്പെടുത്തിയിട്ടുള്ളത്. ലഡാക്കില്‍ മൈനസ് 12.5ഉം കാര്‍ഗിലില്‍ മൈനസ് 14.3ഉം ആണ് താപനില ഇന്നാണ് കശ്മീരില്‍ 'ചിലായ് കലാ'ന്‍റെ ആരംഭം. 40 ദിവസം നീളുന്ന ഈ കൊടുംതണുപ്പ് ജനുവരി 31 വരെ നീളും. ഇതിന് പിന്നാലെ 'ചില്ലായ് ഖുര്‍ദ്' ആരംഭിക്കും. അപ്പോഴേക്ക് തണുപ്പിന് ലേശം കുറവുണ്ടാകും. ഫെബ്രുവരി 19 ന് 'ചില്ലായ് ബച്ച' ആരംഭിക്കുന്നതോടെ കശ്മീര്‍ മെല്ലെ സാധാരണ ജീവിതത്തിലേക്ക് മടങ്ങും.
മുട്ടിടിക്കുന്ന തണുപ്പില്‍ ദാല്‍ തടാകത്തിന്‍റെ പലഭാഗങ്ങളും തണുത്തുറഞ്ഞു കഴിഞ്ഞു. ശിക്കാരകളെല്ലാം കരപറ്റി. വരണ്ട കാറ്റ് ഡിസംബര്‍ 26വരെ നീളുമെന്നും മഞ്ഞുവീഴ്ച ഇന്ന് മുതല്‍ ആരംഭിക്കുമെന്നുമാണ് കാലാവസ്ഥ പ്രവചനം. ഡിസംബര്‍ 27ഓടെ മഞ്ഞുവീഴ്ച പാരമ്യത്തിലേക്ക് എത്തും. അതേസമയം വരണ്ട കാറ്റുണ്ടാക്കുന്ന അസ്വസ്ഥതകള്‍ മാറാന്‍ എത്രയും വേഗം മഞ്ഞ് വീഴ്ച തുടങ്ങണമെന്ന് നാട്ടുകാര്‍ പറയുന്നു.