ബംഗാളിൽ ജൂനിയർ ഡോക്ടർമാർ ഉടൻ സമരം അവസാനിപ്പിക്കും. ഡോക്ടർമാർ മുന്നോട്ടുവച്ച അഞ്ച് ആവശ്യങ്ങളിൽ നാലും സർക്കാർ അംഗീകരിച്ചു. ആർജി കാർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയശേഷം 38 ദിവസമായി സമരത്തിലാണ് ജൂനിയർ ഡോക്ടർമാർ.
രാത്രി വൈകി ജൂനിയർ ഡോക്ടർമാരുമായി മുഖ്യമന്ത്രി മമത ബാനർജി നടത്തിയ ആറുമണിക്കൂർ നീണ്ട ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ വഴിയൊരുങ്ങിയത്. കൊൽക്കത്ത പൊലീസ് കമ്മിഷണർ വിനീത് ഗോയൽ, നോർത്ത് ഡിവിഷൻ ഡപ്യൂട്ടി കമ്മിഷണർ അഭിഷേക് ഗുപ്ത, മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ കൗശവ് നായിക്, ഹെൽത് സർവീസസ് ഡയറക്ടർ ദേബാശിശ് ഹൽദാർ എന്നിവരെ മാറ്റി. എന്നാൽ തീരുമാനങ്ങൾ നടപ്പിലായി പുതിയ ആളുകൾ ചുമതലയേൽക്കും വരെ സമരം തുടരും.
ആരോഗ്യമന്ത്രാലയ സെക്രട്ടറിയെ മാറ്റാത്തതിനാൽ സമരം ശക്തമായി തുടരണമെന്ന ആവശ്യം ജൂനിയർ ഡോക്ടർമാരിലെ ഒരു വിഭാഗം മുന്നോട്ടുവച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിലെ പ്രശ്നങ്ങൾ പഠിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയും രൂപീകരിച്ചു.