TOPICS COVERED

അഞ്ച് മാസത്തിനുള്ളില്‍ ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിയുക്ത മുഖ്യമന്ത്രി അതിഷിക്ക് മുന്നിലുള്ളത് വലിയ വെല്ലുവിളികള്‍. ലഫ്റ്റനന്‍റ്  ഗവര്‍ണറുമായും കേന്ദ്രസര്‍ക്കാരുമായും പോരാടി വേണം പദ്ധതികളേറെയും നേടാന്‍. പാര്‍ട്ടി നേതാക്കളുടെ സഹകരണം ഉറപ്പാക്കലും വലിയ കടമ്പയാകും.   

രാജിവച്ചെങ്കിലും ജനങ്ങളുടെ മനസ്സില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ തന്നെയെന്ന് പറഞ്ഞത് നിയുക്ത മുഖ്യമന്ത്രി അതിഷി തന്നെ. അവസരങ്ങള്‍ക്കപ്പുറം വെല്ലുവിളികളുടെ നീണ്ട നിരയാണ് അതിഷിയെ കാത്തിരിക്കുന്നത്. പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജ്‍രിവാളിന്‍റെ പൂര്‍ണ നിയന്ത്രണം ഉറപ്പാണ്. മന്ത്രിസഭാ യോഗങ്ങള്‍ മുതല്‍ തീരുമാനങ്ങളെടുക്കുന്നതില്‍ വരെ പ്രതിസന്ധികള്‍ ഏറെ. വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തി പേരെടുത്ത അതിഷി ആളെക്കൂട്ടുന്ന നേതാവല്ല. കേജ്‍രിവാളിന്‍റെ നിര്‍ദേശം എംഎല്‍എമാര്‍ ഒന്നടങ്കം അംഗീകരിച്ചെങ്കിലും മുതിര്‍ന്നവരെ മാറ്റി നിര്‍ത്തി അതിഷിയെ മുഖ്യമന്ത്രിയാക്കിയതില്‍ അതൃപ്തരുണ്ടെന്നുറപ്പ്. മുന്നോട്ട് പോക്കില്‍ അവരുടെ സഹകരണം ഉറപ്പാക്കേണ്ടതുണ്ട്. പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലാകട്ടെ അതിഷിക്ക് പരിചയമില്ലതാനും. കേജ്‍രിവാളിനെ വീണ്ടും മുഖ്യമന്ത്രിയാക്കാനാണ് താന്‍ ഇറങ്ങുന്നതെന്ന് നിയുക്ത മുഖ്യമന്ത്രി പറയുമ്പോള്‍ കാര്യമായെന്തെങ്കിലും പ്രതിക്ഷിക്കാനാകുമോ എന്നാണ് ചോദ്യം.

ENGLISH SUMMARY:

Chief Minister Atishi has big challenges ahead of her