കേജ്‌രിവാളിനെ വീണ്ടും മുഖ്യമന്ത്രിയാക്കണം എന്നത് എന്റെ ഉത്തരവാദിത്ത്വമെന്ന് ഡല്‍ഹി നിയുക്ത മുഖ്യമന്ത്രി അതിഷി. ഡല്‍ഹിയില്‍ ഉടന്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതിനിടെ നാടകീയമായ രാജിപ്രഖ്യാപനം കഴിഞ്ഞ് രണ്ടാംനാള്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌‌രിവാള്‍ രാജിവച്ചു. ലഫ്. ഗവര്‍ണര്‍ വി.കെ.സക്സേനയുടെ വസതിയിലെത്തി രാജിക്കത്ത് കൈമാറി. നിയുക്ത മുഖ്യമന്ത്രി അതിഷിയും കേജ്‌‌രിവാളിനൊപ്പം രാജ്ഭവനിലെത്തിയിരുന്നു. 

മുഖ്യമന്ത്രിപദത്തിലെ തന്റെ മൂന്നാമൂഴത്തിനാണ് കാലാവധി പൂര്‍ത്തിയാകും മുന്‍പ് കേജ്‍‍രിവാള്‍ വിരാമമിട്ടത്. മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കേജ്‌‌രിവാള്‍ രാജി തീരുമാനം പ്രഖ്യാപിച്ചത്. രാവിലെ നടന്ന നിയമസഭാ കക്ഷിയോഗത്തില്‍ കേജ്‌രിവാള്‍ അതിഷിയുടേ പേര് മുന്നോട്ടുവച്ചതോടെ ആര് മുഖ്യമന്ത്രിയാകും എന്ന ആകാംക്ഷയ്ക്കും വിരാമമായി.  നിലവില്‍ ധനം, റവന്യു, വിദ്യാഭ്യാസം വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയാണ് അതിഷി.  

സർക്കാർ രൂപീകരിക്കാൻ അതിഷി അവകാശവാദം ഉന്നയിച്ചു. എല്ലാം സുഗമമായി നടന്നാൽ  ഒരാഴ്ചയ്ക്കുള്ളിൽ സത്യപ്രതിജ്ഞ ഉണ്ടാകും. ആഘോഷച്ചടങ്ങുകൾ ഉണ്ടാകില്ല. പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തും. പാക് ഭീകരന്‍ അഫ്സല്‍ ഗുരുവിനെ പിന്തുണച്ചവരാണ് അതിഷിയുടെ കുടുംബാംഗങ്ങളെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും ആം ആദ്മി പാർട്ടി മനീഷ് സിസോദിയയുടെ നിയന്ത്രണത്തിലെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവയും വിമർശിച്ചു. അടുത്ത ഫെബ്രുവരിയിൽ നടക്കാൻ പോകുന്ന ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാകും കേജ്‌രിവാൾ ഇനി കേന്ദ്രീകരിക്കുക.

ENGLISH SUMMARY:

It is my responsibility to make Kejriwal the chief minister again, said Next Delhi Chief Minister Atishi