അമിത ജോലിഭാരം കാരണം മുംബൈയിലെ ബഹുരാഷ്ട്ര കമ്പനിയില്‍ ഇരുപത്താറുകാരി ഹൃദയാഘാതം വന്നുമരിച്ച സംഭവം കോര്‍പറേറ്റ് മേഖലയെ പിടിച്ചുകുലുക്കുകയാണ്. ഏണസ്റ്റ് ആന്‍ഡ് യങ്ങില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റായിരുന്ന മലയാളി യുവതിയുടെ അമ്മ കമ്പനി ചെയര്‍മാനയച്ച  കത്ത് പുറത്തുവന്നതോടെയാണ് വലിയ വിര്‍ശനവും ചര്‍ച്ചയും ഉയര്‍ന്നത്. മകള്‍ തളര്‍ന്നവശയായ സമയങ്ങളില്‍പ്പോലും ജോലി ചെയ്യേണ്ടിവന്നിരുന്നുവെന്ന അമ്മയുടെ വെളിപ്പെടുത്തല്‍ കോര്‍പറേറ്റ് രംഗത്തെ തൊഴില്‍ ചൂഷണങ്ങളുടെ നേര്‍ക്കാഴ്ചയായി ഉയര്‍ത്തിക്കാട്ടപ്പെട്ടു.

ഇതിനിടെയാണ് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍.നാരായണ മൂര്‍ത്തിയുടെ വിവാദമായ ‘70 മണിക്കൂര്‍ ജോലി’ പരാമര്‍ശം വീണ്ടും ചര്‍ച്ചയായത്. കഴിഞ്ഞവര്‍ഷം ഇന്‍ഫോസിസ് സി.എഫ്.ഒ മോഹന്‍ദാസ് പൈയുമായി നടത്തിയ ചര്‍ച്ചാപരിപാടിയിലാണ് ‘രാജ്യത്തിന്‍റെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാന്‍ യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂറെങ്കിലും ജോലി ചെയ്യണം’ എന്ന് നാരായണമൂര്‍ത്തി പറഞ്ഞത്. അന്നുതന്നെ ഈ പരാമര്‍ശം സമൂഹമാധ്യമങ്ങളിലും പൊതുസമൂഹത്തിലും വലിയ ചര്‍ച്ചയായിരുന്നു. പ്രമുഖ കോര്‍പറേറ്റ് മേധാവികള്‍ പോലും ഇതിനെതിരെ രംഗത്തുവന്നു. അനുകൂലിച്ചും പരാമര്‍ശങ്ങളുണ്ടായി. 

അന്ന സെബാസ്റ്റ്യന്‍റെ മരണത്തിനുപിന്നാലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റായ റിഷിക ഗുപ്തയാണ് നാരായണ മൂര്‍ത്തിയുടെ പരാമര്‍ശം ഓര്‍മിപ്പിച്ചത്. ‘ഏറ്റവും വലിയ കമ്പനികള്‍ മാത്രമല്ല, അമിതജോലി മഹത്വവല്‍കരിക്കുന്നത് അനേകം കോര്‍പറേറ്റുകളുടെ രീതിയായിക്കഴിഞ്ഞു. ഓര്‍മയില്ലേ നാരായണമൂര്‍ത്തിയുടെ 70 മണിക്കൂര്‍ ആഴ്ച?’ എന്നായിരുന്നു റിഷികയുടെ ട്വീറ്റ്. 

ജോലിസമയം കഴിയുമ്പോള്‍ ഓഫിസ് വിട്ടിറങ്ങുന്നത് ഇന്ന് കോര്‍പറേറ്റ് ലോകത്ത് വലിയ കുറ്റകൃത്യമായി മാറിക്കഴിഞ്ഞുവെന്നാണ് മറ്റൊരു പോസ്റ്റ്. എന്‍.ആര്‍.നാരായണമൂര്‍ത്തിയുടെ പരാമര്‍ശം ഇതുവരെ ആരും ചര്‍ച്ചയാക്കാത്തതില്‍ അല്‍ഭുതപ്പെട്ടുവെന്ന് മറ്റൊരാള്‍ കുറിച്ചു. 

മാര്‍ച്ച് 18നാണ് അന്ന സെബാസ്റ്റ്യന്‍ ഏണസ്റ്റ് ആന്‍ഡ് യങ്ങിന്റെ ഭാഗമായ എസ്.ആര്‍.ബട്‍ലിബോയിയുടെ ഓഡിറ്റ് ടീമില്‍ ചേര്‍ന്നത്. അമിതജോലി ആരോപണത്തെക്കുറിച്ചോ മരണകാരണത്തെക്കുറിച്ചോ കമ്പനി പ്രതികരിച്ചില്ല. ‘അന്നയുടെ കുടുംബത്തിനുണ്ടായ നഷ്ടം എന്തുനടപടി കൊണ്ടും പരിഹരിക്കാന്‍ കഴിയാത്തതാണ്. അവരുടെ ദുഖത്തില്‍ പങ്കുചേരുന്നു, അനുശോചനം അറിയിക്കുന്നു...’ ഇതായിരുന്നു കമ്പനിയുടെ പ്രതികരണം. 

ENGLISH SUMMARY: