ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് മലയാളി ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് അന്ന സെബാസ്റ്റ്യന്‍ മരിച്ചതില്‍ വിചിത്ര പരാമര്‍ശവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന് വീടുകളില്‍ നിന്ന് പഠിപ്പിച്ച് കൊടുക്കണമെന്നും ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമേ സമ്മര്‍ദങ്ങളെ നേരിടാനാകൂവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മറ്റുള്ളവര്‍ അടിച്ചേല്‍പ്പിച്ച സമ്മര്‍ദമാണ് തന്‍റെ മകള്‍ അനുഭവിച്ചതെന്നും തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്താനാണ് മന്ത്രി അടക്കം മുന്‍കൈയെടുക്കേണ്ടതെന്നും അന്നയുടെ പിതാവ് പ്രതികരിച്ചു.
ചെന്നൈയില്‍ ഒരു സ്വകാര്യ സര്‍വകലാശാല ചടങ്ങിലായിരുന്നു കേന്ദ്ര ധനമന്ത്രിയുടെ ഈ പരാമര്‍ശം. സിഎ നന്നായി പഠിച്ച് പാസായി ജോലിക്ക് ചേര്‍ന്ന ഒരു പെണ്‍കുട്ടി ജോലി സമ്മര്‍ദം താങ്ങാനാകാതെ മരിച്ചുവെന്ന വാര്‍ത്ത അറിഞ്ഞിരുന്നുവെന്ന് പറഞ്ഞാണ് നിര്‍മല സീതാരാമന്‍ പരാമര്‍ശം നടത്തിയത്. മകളെ ദൈവ വിശ്വാസിയായാണ് വളര്‍ത്തിയതെന്നും എന്നാല്‍ ദൈവത്തെ ആശ്രയിക്കുന്നതിലും വലിയ പ്രതിസന്ധിയാണ് അവള്‍ നേരിട്ടതെന്ന് അന്നയുടെ പിതാവ് പറഞ്ഞു.
അന്നയെപ്പോലെ കോര്‍പ്പറേറ്റുകളുടെ ചൂഷണത്തിന് ഇരകളാകുന്ന യുവതലമുറയുടെ വേദന ധനമന്ത്രിക്ക് കാണാനാകില്ലെന്ന് എെഎസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. നിര്‍മല സീതാരാമന്‍ മാപ്പു പറയണമെന്ന് പി സന്തോഷ് കുമാര്‍ എംപി ആവശ്യപ്പെട്ടു.