അമിത ജോലിഭാരത്തെ തുടർന്ന് പുണെയിലെ ചാർട്ടേഡ് അക്കൗണ്ടൻ്റ് ആയിരുന്ന കൊച്ചി സ്വദേശി അന്ന സെബാസ്റ്റ്യൻ മരണത്തിന് കീഴടങ്ങിയെന്ന പരാതിയിൽ കേസെടുത്ത് ദേശീയ മനുഷ്യവകാശ കമ്മിഷന്‍. നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൊഴില്‍ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മന്ത്രാലയം സ്വീകരിക്കുന്ന നടപടികളും വിശദമാക്കണമെന്ന് മനുഷ്യവകാശ കമ്മിഷന്‍.
അന്നയുടെ അമ്മ അനിത അഗസ്റ്റിന്‍ അന്നയുടെ കമ്പനി മേധാവിമാര്‍ക്ക് അയച്ച വൈകാരികമായ കത്തില്‍ നിന്നാണ് അന്ന സെബാസ്റ്റ്യന്‍ മരണത്തിന് കീഴടങ്ങിയത് അമിത ജോലിഭാരം മൂലമുണ്ടായ സമ്മര്‍ദത്തെത്തുടര്‍ന്നാണെന്ന് പുറംലോകം അറിഞ്ഞത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നതോടെ സംഭവം അതീവ ദാരുണമാണെന്നും കമ്പനിയിലെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താൻ പരിശ്രമിക്കുമെന്നും കൺസൾട്ടൻസി സ്ഥാപനമായ ഏണ്‍സ്റ്റ് & യംഗ് പ്രതികരിക്കുകയുണ്ടായി.
അന്നയുടെ മരണം പുറംലോകം അറിഞ്ഞതിന് പിന്നാലെ തൊഴില്‍ സാഹചര്യങ്ങളും തൊഴിലാളികളുടെ മാനസികാരോഗ്യവും പരിപോഷിപ്പിക്കാനുള്ള നടപടികളെ കുറിച്ച് ചര്‍ച്ചകളും സജീവമാണ്. അന്ന സെബാസ്റ്റ്യനൊപ്പം ജോലി ചെയ്തിരുന്ന ആറ് പേര്‍ കടുത്ത ജോലി സമ്മര്‍ദം തങ്ങാനാകാതെ രാജിവച്ചിരുന്നുവെന്ന് അന്നയുടെ കുടുംബം വെളിപ്പെടുത്തിയിരുന്നു. അന്നയുടെ മാനേജറുടെ സമീപനം അസഹനീയമായിരുന്നു. അന്നയുടെ അമ്മ അനിത അയച്ച കത്ത് പുറത്തുവന്നത് സ്ഥാപനത്തിലെ ജീവനക്കാര്‍ വഴി തന്നെയാണെന്നും കുടുംബം പറയുന്നു. കമ്പനിയുടെ പുണെ ക്യാംപസിൽ ചാർട്ടേഡ് അക്കൗണ്ടന്‍റായി ജോലിയിൽ കയറിയ 27കാരിയായ അന്ന ഹൃദയാഘാതത്തെ തുടർന്ന് ജൂലൈ 21നാണ് മരിച്ചത്.