ദുസ്സഹമായ തൊഴില്‍ സാഹചര്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നതിനിടെ ഏണ്‍സ്റ്റ് ആന്‍റ് യങ് കമ്പനിയിലെ ജോലി ആദ്യ ദിവസം കൊണ്ട് തന്നെ മതിയാക്കി പോന്നത് വിവരിക്കുന്ന ഭാരത്പേ സഹസ്ഥാപകനായ ആഷ്നീര് ഗ്രോവറുടെ പഴയ വിഡിയോ വൈറലാകുന്നു. പ്രതിമാസം ഒരു കോടി രൂപ ലഭിക്കുന്ന ജോലി ആയിട്ട് കൂടി, ആദ്യ ദിവസം തന്നെ ഏണ്‍സ്റ്റ് ആന്‍റ് യങ് വിട്ട് താന്‍ ജീവനും കൊണ്ട് ഓടിപ്പോരുകയായിരുന്നുവെന്നാണ് ആഷ്നീര് പറയുന്നത്. ഓഫിസിലെത്തിയപ്പോഴാണ് അവിടുത്തെ തൊഴില്‍ അന്തരീക്ഷം എത്രമാത്രം മോശമാണെന്ന് മനസിലായതെന്നും ഇതോടെ നെഞ്ചുവേദന അഭിനയിച്ച് ലീവെടുത്ത് താന്‍ വീട്ടിലേക്ക് പോന്നുവെന്നും പിന്നീട് സ്ഥാപനത്തിലേക്ക് മടങ്ങിപ്പോയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
ജീവച്ഛവങ്ങളെ പോലെയാണ് അവിടെയുള്ള ജീവനക്കാരെന്നും ഓഫിസിനുള്ളില്‍ കാണേണ്ട ഉല്‍സാഹവും ജോലി ചെയ്യാനുള്ള ഊര്‍ജവും അവിടെ ഇല്ലായിരുന്നുവെന്നും ഗ്രോവര്‍ പറയുന്നു. തൊഴിലാളികളുടെ പ്രവര്‍ത്തനക്ഷമത കൂട്ടാന്‍ ഉതകുന്ന സാഹചര്യങ്ങളാണ് തൊഴിലിടങ്ങള്‍ സൃഷ്ടിക്കേണ്ടതെന്നും മല്‍സരാന്തരീക്ഷമുള്ളതായി ആളുകള്‍ പറയുന്ന ഓഫിസുകളാണ് സത്യത്തില്‍ നല്ലതെന്നും അന്ന് ഗ്രോവര്‍ പറഞ്ഞത് വന്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഹര്‍ഷ് ഗോയങ്ക ഉള്‍പ്പടെയുള്ളവര്‍ ഗ്രോവറിനെതിരെ അന്ന് രംഗത്തെത്തി. തൊഴിലാളികളുടെ ക്ഷേമത്തിനും മാനസികാരോഗ്യത്തിനും ഇടമില്ലാത്തതരം തൊഴിലിടങ്ങളാണ് ഗ്രോവര്‍ നിര്‍ദേശിക്കുന്നതെന്നായിരുന്നു വിമര്‍ശനം.
തൊഴിലിടങ്ങള്‍ മെച്ചപ്പെടുത്താന്‍ സ്ഥാപനങ്ങള്‍
ഇവൈയിലെ ജോലി സമ്മര്‍ദം താങ്ങാനാവാതെ കൊച്ചി സ്വദേശിയായ യുവതിക്ക് ജീവന്‍ നഷ്ടമായതിന് പിന്നാലെയാണ് കമ്പനിയിലെ തൊഴില്‍ സാഹചര്യ വീണ്ടും ചര്‍ച്ചയാകുന്നത്. മകള്‍ ഹൃദയാഘാതം വന്ന് മരിച്ചത് അമിതമായ ജോലി സമ്മര്‍ദത്തെ തുടര്‍ന്നാണെന്നും ഒന്നുറങ്ങാന്‍ പോലും മകള്‍ക്ക് കഴിഞ്ഞിരുന്നില്ലെന്നും അമ്മ ഏണ്‍സ്റ്റ് ആന്‍റ് യങിനയച്ച ഇമെയിലില്‍ വിശദീകരിച്ചിരുന്നു. ഇത് വലിയ ചര്‍ച്ചയായതിന് പിന്നാലെ കേന്ദ്രസര്‍ക്കാരടക്കം അന്വേഷണം പ്രഖ്യാപിച്ചു. തൊഴില്‍ സാഹചര്യങ്ങളും തൊഴിലാളികളുടെ മാനസികാരോഗ്യവും പരിപോഷിപ്പിക്കാനുള്ള നടപടികളെ കുറിച്ച് സജീവ ചര്‍ച്ചകളാണ് നിലവില്‍ നടക്കുന്നത്.
ജോലിഭാരം താങ്ങാനാവാതെ രാജിവച്ചത് 6 പേര്‍
അന്ന സെബാസ്റ്റ്യനൊപ്പം ജോലി ചെയ്തിരുന്ന ആറ് പേര്‍ കടുത്ത ജോലി സമ്മര്‍ദം തങ്ങാനാകാതെ രാജിവച്ചിരുന്നുവെന്ന് അന്നയുടെ കുടുംബം വെളിപ്പെടുത്തിയിരുന്നു. അന്നയുടെ മാനേജറുടെ സമീപനം അസഹനീയമായിരുന്നു. അന്നയുടെ അമ്മ അനിത അയച്ച കത്ത് പുറത്തുവന്നത് സ്ഥാപനത്തിലെ ജീവനക്കാര്‍ വഴി തന്നെയാണെന്നും കുടുംബം പറയുന്നു. കമ്പനിയുടെ പുണെ ക്യാംപസിൽ ചാർട്ടേഡ് അക്കൗണ്ടന്‍റായി ജോലിയിൽ കയറിയ 27കാരിയായ അന്ന ഹൃദയാഘാതത്തെ തുടർന്ന് ജൂലൈ 21നാണ് മരിച്ചത്.
'ഇനിയൊരു അന്ന ഉണ്ടാവരുത്'
'അധിക ജോലിഭാരമാണ് മകള്‍ക്കുണ്ടായിരുന്നത്. അവധിദിവസങ്ങളില്‍ പോലും വാക്കാല്‍ നിരവധി അസൈന്‍മെന്‍റുകള്‍ നല്‍കി. ക്രിക്കറ്റ് മല്‍സരങ്ങള്‍ നടക്കുന്ന സമയത്ത് മാനേജര്‍മാര്‍ ആ സമയത്തെ ജോലി മാറ്റി നല്‍കി മകളെ സമ്മര്‍ദത്തിലാക്കി. അമിത ജോലിഭാരം കടുത്ത മാനസിക സമ്മര്‍ദത്തിലേക്കും ഉറക്കമില്ലാത്ത അവസ്ഥയിലേക്കും എത്തിച്ചു. മകള്‍ക്ക് ഇനി ഈ മാനേജര്‍മാരുടെ കീഴില്‍ നിന്ന് ഒരിക്കലും രക്ഷപ്പെടാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഒരു ഓഫിസ് പാര്‍ട്ടിയില്‍വെച്ച് മുതിര്‍ന്ന ഒരു ടീം ലീഡര്‍ അന്നയെ കളിയാക്കി. ഈ ജോലി സംസ്കാരമാണ് തന്‍റെ മകളുടെ ആരോഗ്യം ക്ഷയിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ടത്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. ഇനി ആര്‍ക്കും തന്‍റെ മകള്‍ക്ക് സംഭവിച്ചത് പോലെ ഉണ്ടാകാന്‍ പാടില്ലെ'്ന്നും അന്നയുടെ അമ്മയുടെ കത്തില്‍ വ്യക്തമാക്കിയിരുന്നു.