മണ്ണിടിച്ചിലിൽ കാണാതായവർക്ക് വേണ്ടി ഷിരൂരിൽ നടക്കുന്ന തിരച്ചിലിൽ നിർണായക മുന്നേറ്റം. പുഴയിൽ നിന്ന് മനുഷ്യന്റേത് എന്ന് സംശയിക്കുന്ന അസ്ഥി കണ്ടെത്തി.അതിനിടെ ജില്ലാ ഭരണകൂടത്തിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന് ആരോപിച്ച് ഈശ്വർ മൽപെ തിരച്ചിൽ നിർത്തി നാട്ടിലേക്ക് മടങ്ങി. മൽപെ മടങ്ങിയലും ദൗത്യം തുടരുമെന്ന്  ജില്ലാ ഭരണകൂടം വ്യക്തമാക്കി.

നാവിക സേന  നടത്തിയ തിരച്ചിലിൽ  ശക്തമായ ലോഹ സാന്നിധ്യം കണ്ടെത്തിയ നാലാമത്തെ പോയിന്റിന് സമീപത്ത് നിന്നാണ്  അസ്ഥി ഭാഗം കണ്ടെത്തിയത്. വൈകീട്ട് ഡ്രെജർ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മനുഷ്യന്റെ  കയ്യിന്റെ ഭാഗത്തോട്  സാമ്യമുള്ള അസ്ഥി ലഭിച്ചത്. പൊലീസ് കസ്റ്റഡിയിൽ എടുത്ത അസ്ഥി ഭാഗം നാളെ മംഗളുരുവിലെ  ഫോറെൻസിക്  ലാബിലേക്ക് അയക്കും. അതിനിടെ  ആദ്യ ഘട്ടം മുതൽ ദൗത്യത്തിന്റെ ഭാഗമായിരുന്ന ഈശ്വർ മൽപെ ജില്ലാ ഭരണ കൂടവുമായി കലഹിച്ചു മടങ്ങി. ജില്ലാ ഭരണകൂടം സഹകരിക്കുന്നില്ലെന്നും  തിരിച്ചിലിന് അനുമതി നൽകിയാൽ തിരിച്ചുവരാമെന്നും മൽപെ.

ഒരേ സമയം ഡ്രജിങ്ങും ഡൈവിങ്ങും നടത്തുന്നത് അപകടമാണെന്നും മൽപെയുടെ സുരക്ഷ മുൻനിർത്തിയാണ് അനുമതി നൽകാത്തതെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. കൂടാതെ ജില്ല ഭരണ കൂടത്തെ മറികടന്ന്  മൽപ്പെ സ്വന്തം നിലയ്ക്ക്  തിരച്ചിൽ നടത്തുന്നത് അനുവദിക്കാൻ ആവില്ലന്നും ജില്ലാ ഭരണ കൂടം നിലപാട് എടുത്തു. അതേസമയം വിവാദങ്ങൾക്കില്ലെന്ന നിലപാടിലാണ് അർജുന്റെ കുടുംബം. ഇന്ന് നടത്തിയ തിരച്ചിലിലും ടാങ്കർ ലോറിയുടെ ഭാഗങ്ങൾ മാത്രമാണ് കണ്ടെത്താനായത്. റിട്ടയർ മേജർ ജനറൽ ഇന്ദ്രബാലൻ നാളെ ദൗത്യത്തിന്റെ ഭാഗമാകും. ജിപിഎസ് ഉപയോഗിച്ച് ഗംഗാവലിപ്പുഴയിൽ പരിശോധന നടത്തും. 

ENGLISH SUMMARY:

The bone was found during the search in Shirur