നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയിൽ ദേശീയ പരീക്ഷ ഏജൻസിക്ക് സി.ബി.ഐയുടെ ക്ലീന്‍ ചിറ്റ്. ഉദ്യോഗസ്ഥർക്ക് ചോര്‍ച്ചയില്‍ പങ്കില്ല, രക്ഷിതാക്കളില്‍നിന്ന് വന്‍തുക വാങ്ങിയ സംഘം ജാർഖണ്ഡിലെ പരീക്ഷാ കേന്ദ്രത്തിൽനിന്ന് ചോദ്യപേപ്പര്‍ മോഷ്ടിച്ചതാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.  

ജാര്‍ഖണ്ഡ് ഹസാരിബാഗ് ഒയാസിസ് സ്കൂളിലെ പരീക്ഷാ കേന്ദ്രത്തില്‍നിന്നാണ് നീറ്റ് യു.ജി ചോദ്യപേപ്പര്‍ ചോര്‍ന്നത്. വിദ്യാര്‍ഥികളില്‍നിന്നും  രക്ഷിതാക്കളില്‍നിന്നും ലക്ഷകണക്കിന് രൂപ കൈപ്പറ്റിയ സംഘം ആസൂത്രിതമായി ചോദ്യപേപ്പര്‍ മോഷ്ടിച്ചെന്നാണ് സി.ബി.ഐ അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. 

സ്കൂളിലെ ജീവനക്കാരുടെ സഹായത്തോടെയായിരുന്നു ചോര്‍ത്തല്‍.  പരീക്ഷ നടത്തിപ്പ് ചുമതലയുള്ള ദേശിയ പരീക്ഷ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പങ്കില്ല.  ഉദ്യോഗ്സഥരുടെ ഭാഗത്ത് മറ്റു വീഴ്ചകളോ ചോദ്യപേപ്പർ വിതരണ പ്രക്രിയയില്‍ പ്രശ്‌നങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നതായാണ് വിവരം.

കേസിൽ ഒയാസിസ് സ്‌കൂൾ പ്രിൻസിപ്പലടക്കം 48 പേരെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പേപ്പർ ചോർത്തിയ സംഘത്തിൻ്റെ തലവനെന്ന് കരുതുന്ന സഞ്ജീവ് കുമാറിനെ ഇതുവരെ പിടികൂടാനായിട്ടില്ല.  നൂറ്റമ്പതോളം പരീക്ഷാര്‍ത്ഥികള്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഗുണംപറ്റിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. 

ചോദ്യപേപ്പർ ചോർച്ചയും ഗ്രേസ് മാർക്കിലെ അപാകതയും വലിയ പ്രതിഷേധത്തിനിടയാക്കിയതോടെ എൻടിഎ മേധാവിയായിരുന്ന സുബോധ് കുമാർ സിങ്ങിനെ കേന്ദ്രം സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.  സുപ്രീം കോടതി നിര്‍ദേശ പ്രകാരം  എൻടിഎയില്‍ പരിഷ്കാരങ്ങള്‍ക്കായി സമിതിയും രൂപീകരിച്ചിരുന്നു.   

ENGLISH SUMMARY:

The CBI has given a clean chit to the National Testing Agency (NTA) in the NEET UG question paper leak case. The investigation found no involvement of NTA officials. According to the CBI, a group that had extorted large sums of money from parents stole the question paper from an examination center in Jharkhand.