തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡുവിന് ഉപയോഗിക്കുന്ന നെയ്യില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയ പശ്ചാത്തലത്തില്‍ പുറത്തുനിന്ന് ഭക്തർ വാങ്ങുന്ന പ്രസാദങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ലഖ്നൗവിലെ പ്രശസ്തമായ മങ്കമേശ്വർ ക്ഷേത്രം. വീട്ടിൽ ഉണ്ടാക്കിയ പ്രസാദങ്ങളോ പഴങ്ങളോ നൽകാമെന്ന് ക്ഷേത്രം അധികൃതര്‍ നിര്‍ദേശം നല്‍കി.
തിരുപ്പതി ക്ഷേത്രത്തിൽ മായം കലർന്ന പ്രസാദം വിതരണം ചെയ്തത് മാപ്പർഹിക്കാത്ത കുറ്റമാണെന്ന് മങ്കമേശ്വർ ക്ഷേത്രത്തിലെ മഹന്ത് ദേവ ഗിരി പറഞ്ഞു.“ആന്ധ്രപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ മായം കലർന്ന പ്രസാദം വിളമ്പുന്നത് കണക്കിലെടുത്ത്, ഈ ക്ഷേത്രത്തില്‍ വിതരണം ചെയ്യുന്ന പ്രസാദത്തിൽ സസ്യേതര ചേരുവകളൊന്നും അടങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ഭക്തരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഒരു ക്ഷേത്രത്തിൽ മാംസാഹാരം പ്രസാദമായി വിളമ്പുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല. ഇത് ഗുരുതരമായ ക്ഷമിക്കാനാകാത്ത തെറ്റാണ്. സനാതന ധർമ്മത്തിന് ഇതിലും വലിയ പ്രഹരമുണ്ടാകില്ലെന്നും ഗിരി കൂട്ടിച്ചേര്‍ത്തു. ഇതിനായി, ഭവനങ്ങളിൽ നിർമ്മിച്ച നെയ്യ് അല്ലെങ്കിൽ ഡ്രൈ ഫ്രൂട്ട്‌സ് ഉപയോഗിച്ച് നിർമ്മിച്ച പ്രസാദം കൊണ്ടുവരാൻ ഭക്തരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അല്ലാത്തപക്ഷം പഴങ്ങൾ സമർപ്പിക്കണമെന്നും ഗിരി പിടിഐയോട് പറഞ്ഞു.
ഈ നിർദ്ദേശം ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെങ്കിലും ക്ഷേത്രത്തിന്‍റെ പവിത്രതയ്ക്ക് ദോഷം വരാതിരിക്കാന്‍ ഈ തീരുമാനം സ്വീകരിച്ചേ മതിയാകൂ എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ശുദ്ധമായ പ്രസാദം നൽകാന്‍ എല്ലാ ഹിന്ദു ക്ഷേത്രങ്ങളുടെയും ഭരണാധികാരികൾ സംയുക്തമായി ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവം മാപ്പർഹിക്കാത്ത കുറ്റമാണെന്നും ഇതിന് ഉത്തരവാദികളായ ആളുകൾക്ക് മരണത്തിൽ കുറഞ്ഞ ശിക്ഷ നൽകരുതെന്നും മഹന്ത് ദേവ ഗിരി പറഞ്ഞു. തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡുവിന് ഉപയോഗിക്കുന്ന നെയ്യില്‍ പന്നിക്കൊഴുപ്പുള്‍പ്പടെയുള്ളവയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നെയ്യ് വിതരണം നടത്തിയിരുന്ന കമ്പനിയെ മാറ്റി നന്ദിനിക്ക് വീണ്ടും കരാര്‍ ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ ഇടപെട്ട് നല്‍കി.
ഗുണനിലവാരമില്ലാത്ത നെയ്യ് വാങ്ങി ഉപയോഗിക്കാന്‍ അനുവദിച്ചതോടെ തിരുപ്പതി ലഡ്ഡുവിന്‍റെ പവിത്രതയ്ക്കാണ് മുന്‍ സര്‍ക്കാര്‍ മങ്ങലേല്‍പ്പിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡു ആദ്യം ആരോപിച്ചത്. തിരുപ്പതി ലഡ്ഡു ഉണ്ടാക്കുന്നതിന് കര്‍ണാടകയില്‍ നിന്ന് 'നന്ദിനി'യുടെ നെയ്യാണ് ഉപയോഗിച്ചുവന്നിരുന്നത്. എന്നാല്‍ ലാഭം നോക്കി കമ്പനിമാറ്റിയപ്പോള്‍ ഗുണനിലവാരത്തില്‍ വലിയ വീഴ്ച വന്നു. വികാരം വ്രണപ്പെട്ടുവെന്ന് വിശ്വാസികള്‍ പറയുന്നു. പൊറുക്കാനാവാത്ത തെറ്റാണ് വരുത്തിയതെന്നും കുറ്റക്കാരെ വെറുതേ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു