തിരുപ്പതിക്ഷേത്രത്തിലെ ലഡുവില്‍ മൃഗക്കൊഴുപ്പോ? കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വച്ച ആക്ഷേപം എന്തായാലും ആന്ധ്രാപ്രദേില്‍ രാഷ്ട്രീയ വിവാദമായി കത്തിപ്പടരുകയാണ്. തെലുങ്കുദേശവും വൈഎസ്ആര്‍ കോണ്‍ഗ്രസും തമ്മിലാണ് വടംവലി. വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭരണകാലത്ത് തിരുപ്പതി ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിലെ പെരുമയെഴും പ്രസാദമായ ലഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന ആക്ഷേപത്തിന് തിരികൊളുത്തിയത് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവാണ്. ആക്ഷേപിച്ചാല്‍ പോര തെളിവുകൊണ്ടുവരാനാണ് പ്രതിപക്ഷ വെല്ലുവിളി. ആക്ഷേപങ്ങള്‍ അവിടെ നില്‍ക്കട്ടെ. തിരുപ്പതി ലഡ്ഡുവിന്‍റെ പെരുമ വാനോളം ഉയര്‍ന്നതെങ്ങിനെയെന്ന് ഒന്നന്വേഷിച്ചറിയാം.
തിരുപ്പതി ലഡ്ഡുവിന്‍റെ പെരുമ
300 വർഷത്തിലേറെ പഴക്കമുണ്ട് തിരുപ്പതി ശ്രീ വെങ്കിടാചലപതി ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കുന്ന ലഡ്ഡുവിന്. 1715 മുതലാണ് ലഡ്ഡു ഭഗവാന് നിവേദിക്കാനും പ്രസാദമായി നല്‍കാനും തുടങ്ങിയത്. ‘പോട്ടു’ എന്ന പ്രത്യേക അടുക്കളയിൽ പാചകം ചെയ്യുന്ന പ്രസാദം നിര്‍മിക്കുന്നതും നൂറ്റാണ്ടുകളായി ഒരുപ്രത്യേക വിഭാഗമാണ്. പാചകം ചെയ്യുന്നവര്‍ തല മൊട്ടയടിക്കുകയും വൃത്തിയുള്ള വസ്ത്രം ധരിക്കുകയും ചെയ്യണം.
ഓരോ തവണയും ലഡ്ഡു ഉണ്ടാക്കുമ്പോള്‍ ആദ്യത്തെ ലഡ്ഡു ഭഗവാന് സമര്‍പ്പിക്കുന്നു. ഇത് ബാക്കിയുള്ള ലഡ്ഡുവുമായി കൂട്ടിയോജിപ്പിച്ചാണ് ഭക്തർക്ക് വിതരണം ചെയ്യുന്നത്. ക്ഷേത്ര സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ഒരു ലഡ്ഡു സൗജന്യമാണ്. വലിയ അളവില്‍ വാങ്ങാനായി ഒരു ലഡ്ഡുവിന് 50 രൂപ എന്ന നിലയില്‍ കൗണ്ടറുകളുണ്ട്. 2014 പേറ്റന്‍റ് ലഭിച്ചതിനാല്‍ ‘തിരുപ്പതി ലഡ്ഡു’ എന്ന് പേരിട്ട് ആർക്കും ലഡ്ഡു വിൽക്കാൻ കഴിയില്ല.
ശുദ്ധവും നറുമണവും ഉയർന്ന ഗുണമേന്മയുള്ള നെയ്യാണ് ലഡ്ഡുവിന്‍റെ ചേരുവകളില്‍ പ്രധാനപ്പെട്ടത്. എല്ലാ ദിവസവും കുറഞ്ഞത് 400-500 കിലോ നെയ്യ്, 750 കിലോ കശുവണ്ടി, 500 കിലോ ഉണക്കമുന്തിരി, 200 കിലോ ഏലക്ക എന്നിവയാണ് ലഡ്ഡു തയ്യാറാക്കാൻ ഉപയോഗിക്കുന്നത്. ഇതിനായ് പ്രതിവര്‍ഷം 5 ലക്ഷം കിലോ നെയ്യാണ് തിരുമല തിരുപ്പതി ദേവസ്ഥാനം വാങ്ങാറുള്ളത്. ലേലത്തിലൂടെയാണ് നെയ്യിന്‍റെ വിതരണക്കാരെ തിരഞ്ഞെടുക്കുന്നത്. വിതരണക്കാരുടെ നെയ്യിന്‍റെ ഗുണനിലവാരവും നിര്‍മിക്കുന്ന ഫാക്ടറിയും പരിസരവും പരിശോധിച്ച് ശുചിത്വം ഉറപ്പാക്കിയാണ് ഇവരെ തിരഞ്ഞെടുക്കാറുള്ളത്.
നെയ്യിലെ ഈർപ്പത്തിന്‍റെ അംശം, ഗന്ധം, അടങ്ങിയിരിക്കുന്ന ഫ്രീ ഫാറ്റി ആസിഡുകൾ, മിനറൽ ഓയിൽ, നിറങ്ങൾ, ദ്രവണാങ്കം, റാൻസിഡിറ്റി എന്നിവയുൾപ്പെടെ ഒട്ടേറെ മനദണ്ഡങ്ങള്‍ ഗുണനിലവാര പരിശോധനയ്ക്കുണ്ട്. ഇതില്‍ എതെങ്കിലും ഒന്നില്‍ പരാജയപ്പെട്ടാല്‍ ആ നെയ്യ് നിരസിക്കപ്പെടും. കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) വിപണനം ചെയ്യുന്ന കർണാടകയിലെ പ്രശസ്തമായ നന്ദിനി നെയ്യ് നിർത്തലാക്കിയതിനെച്ചൊല്ലി കഴിഞ്ഞ വർഷം രാഷ്ട്രീയ വിവാദം ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ അടുക്കളയിലേക്ക് നെയ്യ് വിതരണം ചെയ്യുന്ന ഒട്ടേറെ കമ്പനികളിൽ ഒന്നാണ് കെഎംഎഫ്. അമുലും പ്രധാന വിതരണക്കാരാണ്.
അടുക്കളയിൽ കർശനമായ ഗുണനിലവാരം ഉറപ്പാക്കാന്‍ ടിടിഡിക്ക് അത്യാധുനിക ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറി ഉണ്ട്. ഓരോ ബാച്ചിൽ നിന്നും ഒരു ലഡുവിൻ്റെ ഗുണനിലവാര പരിശോധന നിര്‍ബന്ധമായും നടത്തുന്നു. ഓരോ ലഡ്ഡുവിലും കൃത്യമായ അളവിൽ കശുവണ്ടി, പഞ്ചസാര, ഏലം എന്നിവ ഉണ്ടായിരിക്കണം, ലഡ്ഡുവിൻ്റെ ഭാരം 175 ഗ്രാം ആയിരിക്കണം. ലാബിൽ ഗുണനിലവാരം കർശനമായി പരിശോധിച്ച ശേഷമേ എല്ലാ ചേരുവകളും അടുക്കളയിലേക്ക് എത്തുകയുമുള്ളൂ. ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനിലേക്കും ലഡ്ഡു സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ച് ഗുണമേന്മ ഉറപ്പുവരുത്താറുണ്ട്. ഹൈദരാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവൻ്റീവ് മെഡിസിന്‍റെയും മൈസൂരിലെ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെയും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് ശുചിത്വം ഉറപ്പാക്കുന്നത്
ലഡ്ഡു നിർമാണത്തിൽ വിദഗ്ധരായ 600 പ്രത്യേക പാചകക്കാരാണ് രണ്ടു ഷിഫ്റ്റുകളിലായി ലഡ്ഡു തയാറാക്കുന്നത്. ദിവസേന ശരാശരി 3.5 ലക്ഷം ലഡ്ഡു വരെ തയ്യാറാക്കാറുണ്ട്. പ്രത്യേക ദിവസങ്ങളിലും ഉത്സവങ്ങളിലും 4 ലക്ഷം വരെ ലഡ്ഡു തയ്യാറാക്കും. ഏകദേശം രണ്ട് നൂറ്റാണ്ടോളം വിറകടുപ്പുകളാണ് ഉപയോഗിച്ചിരുന്നത്. രണ്ടുമൂന്ന് ദശകങ്ങളായി എൽപിജിയും ഉപയോഗിക്കുന്നുണ്ട് . പൂർണ്ണമായും ആധുനിക അടുക്കളയാണ് സജ്ജീകരിച്ചിരിക്കുന്നത്. പാചകക്കാരും കര്‍ശനമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാകാറുണ്ട്. അടുക്കളയിലടക്കം സിസിടിവികളും സ്ഥാപിച്ചിട്ടുണ്ട്.
ധനാഢ്യനായ തിരുപ്പതി വെങ്കിടേശ്വരന്‍...
ലഡ്ഡുവില്‍ തീരുന്നതല്ല തിരുപ്പതി ദേവസ്ഥാനത്തിന്‍റെ മാഹാത്മ്യം. 2022 ല്‍ തിരുമല തിരുപ്പതി ദേവസ്ഥാനം ആദ്യമായി തങ്ങളുടെ ആസ്തി പരസ്യപ്പെടുത്തുമ്പോള്‍, രണ്ടര ലക്ഷം കോടിയായിരുന്നു ആസ്തി. വിവിധ ബാങ്കുകളിലായി 10.25 ടൺ സ്വർണനിക്ഷേപം, 2.5 ടൺ സ്വർണാഭരണങ്ങൾ, 16,000 കോടി രൂപ ബാങ്ക് നിക്ഷേപം, ഇന്ത്യയിലെമ്പാടുമായി 960 വസ്തുവകകൾ എന്നിങ്ങനെയാണ് സ്വത്തുവിവരങ്ങൾ. ആകെ 2.5 ലക്ഷം കോടി രൂപ. വിവിധ ദേശസാൽകൃത ബാങ്കുകളിലായി 14,000 കോടി രൂപയിലധികം സ്ഥിരനിക്ഷേപവും 14 ടൺ സ്വർണശേഖരവും ടിടിഡിക്കുണ്ട്.
തീര്‍ന്നില്ല, തിരുപ്പതി ക്ഷേത്രം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള ക്ഷേത്രം ട്രസ്‌റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനത്തിനു (ടിടിഡി) 85,705 കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്നാണ് ചെയർമാൻ വൈ.വി.സുബ്ബ റെഡ്ഡി പറഞ്ഞത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്ര ട്രസ്‌റ്റായാണ് ടിടിഡിയെ കണക്കാക്കുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 960 വസ്തുവകകളാണ് ട്രസ്റ്റിനുള്ളത് . 7,123 ഏക്കറര്‍ വരും ഇതിന്‍റെ വിസ്തൃതി. ഇവയുടെ ആകെ മൂല്യം 85,705 കോടിയോളം വരുമെന്നും സുബ്ബ റെഡ്ഡി അന്ന് വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ കണക്കനുസരിച്ചാണ് ഇത്