ഇന്ത്യയുടെ വികസനത്തിൽ സാങ്കേതിക വിദ്യയുടെ പങ്ക് വലുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ സർക്കാരിന്‍റെ കാലത്തുതന്നെ രാജ്യം ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ നിക്ഷേപം നടത്തണമെന്നും യു.എസില്‍ ടെക് കമ്പനി സി.ഇ.ഒമാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുമായി സഹകരിക്കുന്നതില്‍ അഭിമാനമെന്ന് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ പ്രതികരിച്ചു. 

സാങ്കേതിക വിദ്യ മേഖലയില്‍ ഇന്ത്യ നടത്തുന്ന മുന്നേറ്റത്തെ കുറിച്ചും സാധ്യതകളെ കുറിച്ചുമാണ് ടെക് കമ്പനി സി.ഇ.ഒമാരുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി ഊന്നല്‍ നല്‍കിയത്. ജനനന്മയ്ക്ക് ഉതകുംവിധം എ.ഐ. സാങ്കേതിക വിദ്യയുടെ സാധ്യതകള്‍  പരമാവധി ഉപയോഗിക്കണം. ബൗധിക സ്വത്തവകാശം സംരക്ഷിക്കുന്നതിന് ശക്തമായ നിയമം കൊണ്ടുവന്ന രാജ്യമാണ് ഇന്ത്യ.  സെമികണ്ടക്റ്റർ മേഖലയിൽ രാജ്യം 15 ബില്യൻ ഡോളറിൻ്റെ നിക്ഷേപം നടത്തി. രണ്ടുവര്‍ഷത്തിനുള്ളില്‍ 85000 സാങ്കേതിക വിദഗ്ധരെയും എന്‍ജിനീയര്‍മാരേയും വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. പരിഷ്കാരം, പ്രവർത്തനം, പരിവർത്തനം എന്നതാണ് നയമെന്നും പ്രധാനമന്ത്രി. 

ഇന്ത്യയില്‍ എ.ഐ. മേഖലയില്‍ ഗൂഗിള്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് സി.ഇ.ഒ. സുന്ദര്‍ പിച്ചൈ കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞു. എ.ഐയുടെ സാധ്യതകളെ കുറിച്ചും അത് ജനനന്മക്കായി എങ്ങനെ ഉപയോഗിക്കണം എന്നതിനെ കുറിച്ചും പ്രധാനമന്ത്രിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട് എന്നും സുന്ദര്‍ പിച്ചൈ .അഡോബ് സി.ഇ.ഒ ശന്തനു നാരായണ്‍, ഐ.ബി.എം. സി.ഇ.ഒ അരവിന്ദ് കൃഷ്ണ, എന്‍വിഡിയ സി.ഇ.ഒ ജെന്‍സെന്‍ ഹുവാങ് തുടങ്ങിയവരും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. 

ENGLISH SUMMARY:

Prime Minister said that the role of technology in India's development is huge