ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനെ ഓര്‍മയില്ലേ ..വീട്ടിലെ ജോലികളെല്ലാം ചെയ്യുന്ന കുഞ്ഞപ്പന്‍. അതുപോലൊരു ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. രാവിലെ നടക്കാനിറങ്ങിയ റോബോട്ടിന്റെ വിഡിയോ ഏകദേശം അഞ്ചുകോടിയിലേറെപ്പേര്‍ കണ്ടുകഴിഞ്ഞു.
നിരപ്പായ പ്രദേശത്തുകൂടിയല്ല മറിച്ച് കയറ്റിറക്കങ്ങളും ചരിവുകളും കല്ലുകളും നിറഞ്ഞ ഭാഗങ്ങളിലൂടെയാണ് ആശാന്റെ നടപ്പ്. ഇലോണ്‍ മസ്‌കിന്‍റെ 'ഒപ്റ്റിമസ് റോബോട്ട്’ ഹ്യുമനോയിഡിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ ചിരിയുണര്‍ത്തുന്നുമുണ്ട്. നടത്തത്തിനിടെ പല തവണ വീഴാന്‍ പോവുന്നതും ബാലന്‍സ് തിരിച്ചുപിടിച്ച് നടക്കുന്നതും ഏറെ കൗതുകത്തോടെയേ കാണാനാവുള്ളൂ.
ടെസ്‌ല വികസിപ്പിച്ച റോബോട്ടിന്റെ വിഡിയോ ഇലോണ്‍ മസ്കും പങ്കുവച്ചു. ദിവസവുമുള്ള നടത്തം നിങ്ങളുടെ മനസിന് ഉന്‍മേഷം നല്‍കുമെന്നാണ് ടെസ്‌ല നല്‍കിയിരിക്കുന്ന കാപ്ഷന്‍. ടെസ്‌ലയുടെ പോസ്റ്റ് മസ്ക് റീഷെയര്‍ ചെയ്യുകയായിരുന്നു. മനുഷ്യ സഹായമില്ലാതെ റോബോട്ടിന്‍റെ അവയവങ്ങളെ നിയന്ത്രിക്കാൻ ന്യൂറൽ നെറ്റ്‌വർക്കിലാണ് റോബോട്ടിനെ പ്രവർത്തിപ്പിച്ചതെന്നും മസ്‌ക് വ്യക്തമാക്കുന്നു.
അതേസമയം റോബോട്ട് നടന്ന സ്ഥലത്ത് കൂടെ താൻ നടക്കാൻ ശ്രമിച്ചപ്പോൾ വഴുതിവീണെന്നും , ഒപ്റ്റിമസ് സുഖമായി നടക്കുന്നുവെന്നും ഒപ്റ്റിമസ് എഞ്ചിനീയറിംഗിന്‍റെ വൈസ് പ്രസിഡന്‍റ് മിലാൻ കോവക് പറഞ്ഞു. ഒപ്റ്റിമസിന് നിലവില്‍ കാഴ്ചയില്ല എങ്കിലും ഉടന്‍ വിഷന്‍ കൂടി ചേര്‍ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ടെന്നീസ് ബോളുകൾ കൃത്യമായി പിടിക്കുന്ന ഒപ്റ്റിമസിന്‍റെ വീഡിയോ മുൻപ് ടെസ്‌ല പങ്കുവെച്ചിരുന്നു.