arjun-lorry-accident

ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന്റെ മൃതദേഹം ഗംഗാവലിപ്പുഴയില്‍ കണ്ടെത്തി.  മൂന്ന് ഘട്ടങ്ങളായി നീണ്ട തിരച്ചിലിനൊടുവില്‍, കാണാതായി 72–ാം നാള്‍ ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് മൃതദേഹഭാഗങ്ങളും ലോറിയും കണ്ടെത്തിയത്.  നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കേരളജനതയെ ആകെ കണ്ണീരിന്റെ തീരത്തുനിര്‍ത്തിയ ദൗത്യത്തിന് കൂടിയാണ് കര്‍ണാടകയില്‍ സമാപ്തിയായത്.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

അര്‍ജുന്‍ മരിച്ചു എന്ന സത്യത്തെ വളരെ നേരത്തെ തന്നെ കുടുംബവും മലയാളികളും ഉള്‍ക്കൊണ്ടതാണ്. എങ്കിലും  മൃതദേഹം ലഭിക്കാതെ വന്നത് വലിയ വേദനയായിരുന്നു. നാടിനെ മുള്‍മുനയിലാക്കിയ ചോദ്യത്തിന് ഉത്തരം ഒടുവില്‍  തിരച്ചിലിന്റെ 72–ാം പക്കം കിട്ടി.  മണ്ണിടിച്ചിലുണ്ടായ ഇടത്ത് നിന്ന് 50 മീറ്റര്‍ അകലെ ഗംഗാവാലി പുഴയില്‍ 15 മീറ്റര്‍ ആഴത്തിലായിരുന്നു ലോറിയുണ്ടായിരുന്നത്. ലോറിക്കുള്ളിലായിരുന്നു അര്‍ജുന്‍റെ മൃതദേഹം.   കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയുടെ തുടര്‍ച്ചയായി ഇന്ന് നാല് പോയിന്‍റുകളില്‍ ദൗത്യസംഘം പരിശോധന നടത്തി. അതില്‍ കോണ്‍ടാക്ട് പോയിന്‍റ് രണ്ടിലാണ് രാവിലെ പത്തുമണിയോടെ ലോറിയുടെ ഭാഗം കണ്ടെത്തിയത്.  Also Read: അര്‍ജുന്‍ തിരച്ചില്‍ നാള്‍വഴി ഇങ്ങനെ...

 

വേലിയേറ്റ സമയമായതിനാല്‍   ലോറി ഉയര്‍ത്താന്‍ കഴിയുമായിരുന്നില്ല. ഗുജറാത്തില്‍ നിന്നുള്ള പ്രത്യേകം പരിശീലനം ലഭിച്ച  ഡൈവര്‍മാര്‍ ക്രയിനിന്‍റെ ഹുക്ക് ലോറിയുമായി ബന്ധിപ്പിച്ചു. വേലിയിറക്ക സമയം നോക്കി ദൗത്യസംഘം ലോറിയുടെ ക്യാബിന്‍ ഭാഗം പൂര്‍ണമായും  ഉയര്‍ത്തി . ബാര്‍ജിലേക്ക് അടുപ്പിച്ച ലോറിയില്‍നിന്ന് അര്‍ജുന്‍റെ മൃതദേഹം പുറത്തേക്കെടുത്തു. 

ട്രക്കിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ രേഖാചിത്രം ഉള്‍പ്പെടെ നാവികസേന പങ്കുവച്ച  വിവരങ്ങള്‍  നിര്‍ണായകമായി. സാങ്കേതികതയുടെ വിജയമെന്നും എല്ലാവര്‍ക്കും നന്ദിയെന്നും  റിട്ട.  മേജര്‍ ജനറല്‍ ഇന്ദ്രബാല്‍. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇനി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും