image: x.com/SheetalPronamo/status/

image: x.com/SheetalPronamo/status/

തിരുപ്പതിയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ ഭജന നടത്തി ബിജെപി നേതാവും തെലുങ്ക് നടിയുമായ മാധവി ലത. ആന്ധ്രയില്‍ നിന്നുള്ള ബിജെപി നേതാവാണ് മാധവി. വന്ദേ ഭാരത് ട്രെയിനുള്ളില്‍ ഭജന നടത്തിയതിന്‍റെ വിഡിയോയും അവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തിരുപ്പതി യാത്ര നടത്തുന്നതും ട്രെയിനില്‍ വച്ച് ഭജന നടത്തുന്നതുമെല്ലാം വെറും പബ്ലിസിറ്റി സ്റ്റണ്ടാണെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം. മാധവിക്കൊപ്പം അണികളും വന്ദേഭാരതില്‍ ഉണ്ടായിരുന്നു. 

ട്രെയിന്‍ പൊതുവിടമാണെന്നും  മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പെരുമാറ്റമാണിതെന്നും ചിലര്‍ കുറിച്ചു. രാഷ്ട്രീയ നേട്ടത്തിനായി ഭഗവാനെ ഉപയോഗിക്കാന്‍ വരേണ്ടെന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. മുസ്​ലിം സഹോദരങ്ങള്‍ ട്രെയിനുള്ളില്‍ വച്ച് നമസ്കാരം നടത്തിയാല്‍ ഇതേ സ്വീകരണം ലഭിക്കുമോ എന്ന ചോദ്യവും ചിലര്‍ ഉന്നയിച്ചിട്ടുണ്ട്. ഇന്ന് ബിജെപി നേതാവ് ഭജന നടത്തി, നാളെ ക്രിസ്ത്യാനികള്‍ വന്ന് കരോളും മുസ്​ലിംകള്‍ അവരുടെ പ്രാര്‍ഥനയും നടത്തിയാലോ എന്നും, വിശ്വാസം മറ്റുള്ളവരെ ദ്രോഹിക്കാനാകരുതെന്നും കമന്‍റുകളുണ്ട്.  

തിരുപ്പതി ലഡ്ഡുവിലെ നെയ്യില്‍ മായം കലര്‍ന്നതിന്‍റെ പശ്ചാത്താപമൊന്നും ആരിലും കാണാനില്ലെന്നും മറിച്ച് രാഷ്ട്രീയ നേട്ടമാക്കാനുള്ള വ്യഗ്രത നേതാക്കള്‍ക്കുണ്ടെന്നും മറ്റൊരാളും കുറിച്ചു. അതേസമയം, നോക്കൂ ഈ വന്ദേഭാരത് ആളില്ലാതെയാണ് സര്‍വീസ് നടത്തുന്നതെന്നും ഇനി ഭജന നടത്താന്‍ കൊള്ളാമെന്നുമായിരുന്നു വേറൊരു വിരുതന്‍റെ പ്രതികരണം. 

അതേസമയം തിരുപ്പതി ലഡ്ഡുവിലേക്കുള്ള നെയ്യില്‍ മായം കലര്‍ന്നുവെന്ന ആരോപണത്തില്‍  അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തില്‍ ഉചിതമായ നടപടികള്‍  സ്വീകരിച്ചതായി തിരുമല തിരുപ്പതി ദേവസ്ഥാനവും വ്യക്തമാക്കിയിരുന്നു. ജൂലൈയിലാണ് നെയ്യ് ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയതും തുടര്‍ന്ന് പരിശോധനയ്ക്ക് അയച്ചതും. പരിശോധന ഫലത്തില്‍ മീനെണ്ണയും പന്നി നെയ്യും പശുവിന്‍റെ കൊഴുപ്പും സസ്യ എണ്ണകളുമടക്കം നെയ്യില്‍ കലര്‍ത്തിയിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് നെയ്യ് വിതരണക്കാരനെ മാറ്റി 'നന്ദിനി'യെ വിതരണം ഏല്‍പ്പിക്കുകയായിരുന്നു. വിവാദമുയര്‍ന്നതിന്‍റെ പശ്ചാത്തലത്തില്‍ ഹിന്ദു ആചാരപ്രകാരമുള്ള പരിഹാര ക്രിയകളും ക്ഷേത്രം അധികൃതര്‍  നടത്തിയിരുന്നു. 

ENGLISH SUMMARY:

BJP leader and actress Madhavi Latha had performed a bhajana on the Vande Bharat train while traveling to the Tirupati temple, which led to widespread criticism against her on social media.