cockroach-air-india-newyork

വിമാനത്തില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തി. സെപ്റ്റംബര്‍ 17ന് ഡല്‍ഹിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പോയ ഫ്ലൈറ്റിലാണ് പാറ്റയുള്ള ഓംലറ്റ് വിതരണം ചെയ്തത്. ഇത് കഴിച്ചതിനെ തുടര്‍ന്ന് രണ്ടുവയസുകാരനായ കുട്ടിക്ക് ശാരീരിക അവശതയുണ്ടായതായും പരാതി. സുയേഷ സാവന്തെന്ന യുവതിയാണ് പരാതിക്കാരി.

ചിത്രങ്ങള്‍ സഹിതമാണ് മാധ്യമപ്രവര്‍ത്തക കൂടിയായ യുവതി സമൂഹമാധ്യമമായ എക്സില്‍ പരാതി പങ്കുവച്ചത്. പാറ്റയെ കണ്ടെത്തുമ്പോഴേക്കും ഓംലറ്റിന്‍റെ പകുതിയിലേറെയും രണ്ടുവയസുകാരനായ തന്‍റെ മകന്‍ അകത്താക്കിക്കഴിഞ്ഞിരുന്നുവെന്നും യുവതി കുറിച്ചു. ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയ്ക്ക് ചികില്‍സ തേടേണ്ടി വന്നുവെന്നും യുവതി വ്യക്തമാക്കി. ഡിജിസിഎയെയും എയര്‍ ഇന്ത്യയെയും ട്വീറ്റില്‍ ടാഗ് ചെയ്തിരുന്നു. 

സംഭവം പരിശോധിച്ച് വരികയാണെന്നും നടപടി സ്വീകരിക്കുമെന്നുമായിരുന്നു എയര്‍ ഇന്ത്യയുടെ മറുപടി. ലോകോത്തര നിലവാരമുള്ള ഭക്ഷ്യവിതരണ സ്ഥാപനങ്ങളില്‍ നിന്നാണ് എയര്‍ ഇന്ത്യ യാത്രക്കാര്‍ക്കായുള്ള ഭക്ഷണം സംഭരിക്കുന്നതെന്നും എന്നാല്‍ യുവതിക്കുണ്ടായ ദുരനുഭവം ശ്രദ്ധയില്‍പ്പെട്ടെന്നും ഇത് മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുകയും ബന്ധപ്പെട്ട കാറ്ററിങുകാരോട് വിശദീകരണം തേടുകയും ചെയ്യുമെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. ഈ വര്‍ഷമാദ്യം എയര്‍ ഇന്ത്യ ഫ്ലൈറ്റില്‍ വിതരണം ചെയ്ത ഉച്ചഭക്ഷണത്തില്‍ നിന്നും ബ്ലെയ്ഡ് കണ്ടെത്തിയിരുന്നു. 

യുവതിയുടെ ട്വീറ്റിന് ചുവടെ എയര്‍ ഇന്ത്യയില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങള്‍ പലരും കുറിച്ചിട്ടുണ്ട്. സീറ്റ് വൃത്തിയായല്ല സൂക്ഷിക്കുന്നതെന്നും വൃത്തിയില്ലെന്നും ഭക്ഷണത്തിന്‍റെ കാര്യം ഓര്‍ക്കാനേ വയ്യെന്നുമായിരുന്നു കുനാല്‍ ശര്‍മയെന്നയാളുടെ പരാതി. മോശം യാത്രാനുഭവമായിരുന്നുവെന്നും അദ്ദേഹം കുറിച്ചു. ടാറ്റ ഏറ്റെടുത്തിട്ടും മെച്ചമൊന്നുമില്ലെന്നായിരുന്നു മറ്റൊരു യൂസറിന്‍റെ പ്രതികരണം. 

ENGLISH SUMMARY:

'Found a cockroach in the omelette served to me on the AI flight from Delhi to New York'- complaints lady.