TOPICS COVERED

 കൊടുമുടി കയറുന്നതിനിടയിൽ ശ്വാസതടസം ഉണ്ടായതിനെത്തുടര്‍ന്ന് ഉത്തരാഖണ്ഡിൽ മലയാളി  യുവാവ് മരിച്ചു. അടിമാലി കമ്പിളിക്കണ്ടം പൂവത്തിങ്കൽ (മുക്കിറ്റിയിൽ) മോഹനന്റെ മകൻ അമൽ മോഹനാണ് (35) മരിച്ചത്. 27നു പുലർച്ചെ കേരളത്തിൽനിന്നുള്ള 2 പേർ ഉൾപ്പെടെ നാലംഗ സംഘം ചാമോലി ജില്ലയിലെ ജോഷിമഠ് ഗരുഡ കൊടുമുടി കയറുന്നതിനിടെയാണ് അമലിന് ശ്വാസതടസ്സമുണ്ടായത്. സംഭവസ്ഥലത്തു തന്നെ അമൽ മരിച്ചു.

മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഇടപ്പെട്ടിട്ടുണ്ടെന്ന് നോർക്ക സിഇഒ അജിത് കോളശേരി അറിയിച്ചു. നോർക്കയുടെ ഡൽഹിയിലുള്ള എൻആർകെ ഡവലപ്മെന്റ് ഓഫിസറാണ് ഇതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി, കേദാർനാഥിൽനിന്ന് മൃതദേഹം ഇന്നലെ ഉച്ചയോടെ ഹെലികോപ്റ്ററിൽ ജോഷിമഠ് ജനറൽ ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. 

എംബാം ചെയ്ത മൃതദേഹം ഡൽഹിയിൽ എത്തിച്ച് വിമാനമാർഗം ഇന്നു വൈകിട്ടോടെ വീട്ടിൽ എത്തിക്കും. കഴിഞ്ഞ 20നാണ് അമൽ, കൊല്ലത്തുള്ള സുഹൃത്ത് വിഷ്ണു, ഗുജറാത്ത് സ്വദേശികളായ യുവാക്കൾ എന്നിവർ ഉൾപ്പെടുന്ന നാലംഗ സംഘം ഉത്തരാഖണ്ഡിൽ എത്തി കൊടുമുടി കയറിയത്. ഇതിനിടെ അമലിന് ശ്വസതടസ്സത്തെ തുടർന്ന് ആരോഗ്യനില വഷളായ വിവരം വിഷ്ണുവാണ് അധികൃതരെ അറിയിച്ചത്. മോഹനൻ–പരേതയായ ചന്ദ്രിക ദമ്പതികളുടെ മകനാണ് അമൽ. സഹോദരങ്ങൾ: അരുൺ, അപർണ.

A Malayali youth died in Uttarakhand due to respiratory failure while climbing the peak.:

A Malayali youth died in Uttarakhand due to respiratory failure while climbing the peak.