ഓണനാളിലാണ് ബെംഗളൂരുവില്‍ ട്രെയിനില്‍ നിന്ന് വീണ് ഇടുക്കി കല്ലാര്‍ തൂക്കുപാലം സ്വദേശി ദേവനന്ദന്‍ മരിച്ചത്. സുഹൃത്തുക്കളെ കാണുന്നതിനായി മജസ്റ്റിക് സ്റ്റോപ്പില്‍ നിന്ന് സോലദേവനഹള്ളിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മകന്‍റെ വേര്‍പാടില്‍ മനംനൊന്ത് പിതാവ് സുനില്‍ എഴുതിയ കുറിപ്പ് ഇപ്പോള്‍ സൈബറിടത്താകെ വൈറലാണ്.
ഐസിയുവില്‍ നീ കിടക്കുമ്പോള്‍ നിറകണ്ണുകളോടെ നോക്കിനിന്ന അച്ഛനെ കണ്ടതല്ലേ നീ, ഞങ്ങളെ പിരിഞ്ഞത് ഹൃദയത്തിന്‍റെ ഒരു ഭാഗം തന്നെ പറിച്ചെടുത്താണെന്നു നിനക്കറിയൂലെ മോനെ എന്ന് നൊമ്പരത്തോടെ ആ പിതാവ് ചോദിക്കുന്നു. ഓർമകളുടെ തീച്ചൂളയിൽ ഉള്ളുരുകി തീരുന്ന നിന്‍റെ അച്ഛൻ എന്ന് പറഞ്ഞാണ് സുനില്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുറിപ്പ്
എങ്കിലും...... എടാ.... നന്ദേ.....
അമ്മയുടെ വാവ, അച്ചാച്ചിയുടെ നന്ദപ്പൻ പേരമ്മയുടെയും അമ്മൂമ്മയുടെയും, അമ്മായിമാരുടെയും നന്ദുക്കുട്ടൻ, മാമൻമാരുടെ നന്ദൻ, ദച്ഛയുടെ കോളേജ് മാമൻ, ചേട്ടന്‍റെയും ചേച്ചിമാരുടെയും പ്രിയ കുഞ്ഞനിയൻ, രമണൻ സാറിന്‍റെയും പട്ടാളത്തിന്‍റെയും ചെല്ലപ്പൻ , കൂട്ടുകാരുടെയെല്ലാം ദേവൻ......
എടാ നന്ദേ നീ ഞങ്ങളെയെല്ലാം നടുക്കടലിൽ വിട്ടു ഒളിച്ചു കളഞ്ഞില്ലേ? ജീവിതത്തിന്‍റെ നാലിലൊന്നു പടവുകൾ പോലും മുഴുമിപ്പിക്കാതെ നീ ഞങ്ങളെ പിരിഞ്ഞത് ഹൃദയത്തിന്‍റെ ഒരു ഭാഗം തന്നെ പറിച്ചെടുത്താണെന്നു നിനക്കറിയൂലെ. ജീവിതത്തിൽ ഏറ്റവും വിലയുള്ളത് സുഹൃദ് ബന്ധമായി കണ്ടിരുന്ന നിന്‍റെ അച്ഛനുമമ്മയുമായും നിനക്കുണ്ടായിരുന്നത് ആഴത്തിലെ സൗഹൃദമായിരുന്നല്ലോ.
നമ്മുടെ യാത്രകളിൽ നീ പറഞ്ഞു തന്നിരുന്ന നീ വായിച്ച നിരവധിയായ പുസ്തകങ്ങളുടെ ചുരുക്കങ്ങൾ എന്നെയും പുതിയ വായനകളിലേക്കു എത്തിച്ചതും നീ മറന്നോ. ചരിത്ര വഴികളിൽ നിനക്കുണ്ടായിരുന്ന തനതായ വീക്ഷണവും അവക്ക് നിനക്കുള്ള തക്കതായ ന്യായീകരണങ്ങളും ചരിത്ര കൗതുകം തീരെ ഇല്ലാത്ത എന്നെയും ആ വഴിക്കു നടത്തിയതു നീ കണ്ടതല്ലേ.
പഠനത്തെയും വിനയത്തെയും എല്ലാമുപരി മൂല്യമുള്ള ഒരു വ്യക്തി ആയതാണ് ദേവന്‍റെ ഏറ്റവും വലിയ ക്വാളിറ്റി എന്ന് ഉപ്പുമാക്കൽ സിസ്റ്റർ പറഞ്ഞത് അഭിമാനത്തോടെ ഞാൻ ശ്രവിച്ചത് നീ ഓർക്കുന്നില്ലേ.
നമ്മുടെ സംവാദങ്ങൾ ആശയ സംഘടനങ്ങൾ അതിവേഗം വിസ്‌മൃതിയിലാകുന്ന ചെറിയ പിണക്കങ്ങൾ.......
വളരെ ഉയർന്ന ലക്ഷ്യങ്ങൾ മനസ്സിൽ വച്ച് നീ നിശബ്ദമായി കഠിനാധ്വാനം ചെയ്തിരുന്നതു എന്‍റെ മനസ്സിൽ മാറിമറിയുന്നത് നീ അറിയുന്നുണ്ടോ.
എടാ ...നന്ദേ..... SSC പരീക്ഷകൾക്ക് വേണ്ടി തയ്യാറെടുപ്പുകൾ തുടരണ്ടേ?
അമ്മൂമ്മയുടെ വേർപാടുമൂലം ഓണം ഇല്ലാത്തതിനാൽ ബാംഗ്ലൂരിലെയും ചെന്നൈയിലെയും കൂട്ടുകാരെ കാണട്ടെ എന്ന് പറഞ്ഞു പോയ യാത്ര അന്ത്യയാത്ര ആകുമെന്ന് ആർക്കു വിചാരിക്കാനാകും.
30 സെക്കന്റ് മാത്രം നിർത്തി ഉടനെ അതിവേഗം കൈവരിച്ചു പറക്കുകയും ചെയ്യുന്ന സബർബൻ ട്രെയിന്‍റെ സ്വഭാവം നീ ഒരു നിമിഷം മറന്നത് ഞങ്ങളുടെ എല്ലാം ഹൃദയത്തിൽ കനൽ കോരിയിട്ടില്ലേ?
തിരുവോണ രാത്രിയിൽ ബാംഗ്ലൂർ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റൽ ഐസിയു വെന്‍റിലേറ്ററില്‍ അവസാന ശ്വാസം എടുക്കാൻ പാടുപെടുന്ന നിന്നെയും നിന്നെ സഹായിക്കാൻ സിപിആര്‍ ചെയ്തു ചുറ്റും നിന്ന കഠിനാധ്വാനം ചെയ്യുന്ന കുറെ ഡോക്ടർമാരെയും നേഴ്സ് മാരെയും വിങ്ങുന്ന ഹൃദയത്തോടെ നിറകണ്ണുകളോടെ നോക്കിനിന്ന അച്ഛനെ കണ്ടതല്ലേ നീ .
രാത്രി 1 .46 നു നിന്‍റെ ഹൃദയചലനം പൂജ്യത്തിലെത്തി നിശ്ചലമായതും മയക്കത്തിലേക്ക് വീണ എന്നെ അടുത്ത കസേരയിലേക്കു ചാരി ഇരുത്തിയതും നിനക്കോർമ്മയില്ലേ?
അപ്പോൾ കണ്ട ആ ദൃശ്യങ്ങൾ എന്നിൽനിന്ന് മായുന്നത് എന്‍റെ അവസാന ശ്വാസത്തോടൊപ്പം മാത്രമാവില്ലേ......
എടാ ...നന്ദേ.... ദുഃഖം മറക്കാനായി ഞാൻ കഠിനാധ്വാനം ചെയ്താലും എനിക്ക് ചുറ്റുമുള്ള നീറുന്ന ഹൃദയവുമായി നിൽക്കുന്ന നിന്‍റെ പ്രിയരുടെ ദുഃഖം എങ്ങനെ കണ്ടില്ലെന്നു നടിക്കും . പല പല തവണ വീട്ടിലെത്തി മുഖം പൊത്തി പൊട്ടിക്കരഞ്ഞു നിൽക്കുന്ന നിന്‍റെ കൂട്ടുകാരെ എങ്ങനെ കാണാതിരിക്കും? ബാംഗ്ലൂർ ആശുപത്രിയിലും മോർച്ചറിയിലും ചുറ്റും പൊട്ടിക്കരഞ്ഞു നിന്ന നിന്‍റെ പ്രിയ കൂട്ടുകാരെ ഞാൻ എങ്ങനെ മറക്കും
ഒരുകുന്ന് നല്ല ഓർമ്മകൾ ഞങ്ങൾക്കെല്ലാം നൽകി കടലോളം ദുഃഖം ഞങ്ങളിൽ നിറച്ചു നീ പറന്നു മറഞ്ഞില്ലേ മകനേ....
പുനർജന്മം എന്നത് മിത്താണെങ്കിലും വരും ജന്മങ്ങളിലെങ്കിലും നീ ഒരു മകനായി വരണേ...ഓർമകളുടെ തീച്ചൂളയിൽ ഉള്ളുരുകി തീരുന്ന നിന്‍റെ അച്ഛൻ...