സലൂണില്‍ തല മസാജ് ചെയ്തതിന് പിന്നാലെ യുവാവിന് മസ്തിഷ്കാഘാതം സംഭവിച്ച വാര്‍ത്ത വലിയ ആശങ്ക പരത്തിയിരിക്കുകയാണ്. കര്‍ണാടകയിലെ ബെല്ലാരിയിലാണ് സംഭവം നടന്നത്. വൈറ്റ് ഫീൽഡിലുള്ള സലൂണിൽ എത്തിയ മുപ്പതുകാരനാണ് മുടിവെട്ടിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായത്. പതിവായി വരുന്ന സലൂണില്‍ മുടി വെട്ടിയതിന് ശേഷം യുവാവിന് സൗജന്യമായ മസാജ് ചെയ്യുകയായിരുന്നു. മസാജ് ചെയ്യുന്നതിനിടെ കഴുത്തുപിടിച്ച് ബലമായി വെട്ടിക്കുകയായിരുന്നു. പിന്നാലെ അസാധാരണമായ വേദന തോന്നിയെങ്കിലും കാര്യമാക്കാതെ യുവാവ് വീട്ടിലേക്ക് പോയി.
വീട്ടിലേക്ക് തിരിച്ചെത്തി ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം യുവാവിന് സംസാരിക്കാൻ കഴിയാതാവുകയും ശരീരത്തിന്‍റെ ഇടതുഭാഗം ബലഹീനമാവുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിദഗ്ധ പരിശോധനയിൽ ഇദ്ദേഹത്തിന് മസ്തിഷ്കാഘാതം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. തല തിരിച്ചതിനിടെ ഒരു രക്തധമനി തകരാറിലായതിനെ തുടര്‍ന്നാണ് മസ്തിഷ്കാഘാതം സംഭവിച്ചത്. രണ്ട് മാസത്തെ ചികില്‍സക്ക് ശേഷമാണ് ഇദ്ദേഹത്തിന്‍റെ നില ഭേദപ്പെട്ടത്.
പ്രത്യക്ഷത്തില്‍ അപകടകരമല്ല എന്ന് തോന്നുന്ന മസാജുകള്‍ പലപ്പോഴും വലിയ പ്രത്യാഘാതങ്ങളിലേക്ക് വഴിവക്കുമെന്ന് വിദഗ്ദര്‍ പറയുന്നു. അപകടസാധ്യതകള്‍ അറിയാവുന്ന പരിശീലനം ലഭിച്ച പ്രൊഫഷണലുകളെ ഉപയോഗിച്ച് മസാജ് ചെയ്യുന്നതായിരിക്കും ആരോഗ്യത്തിന് നല്ലത്.
കര്‍ണാടകയിലേത് ആദ്യ സംഭവമല്ല. 2022 നവംബറില്‍ ഹൈദരബാദില്‍ നിന്നുള്ള യുവതിക്ക് സമാന അനുഭവം ഉണ്ടായിരുന്നു. സലൂണില്‍ മുടി കഴുകുന്നതിനിടെ യുവതിക്ക് തലകറക്കമുണ്ടാവുകയും ഛര്‍ദ്ദിക്കുകയും ചെയ്തിരുന്നു. വിദഗ്ദ പരിശോധനയില്‍ ഇവര്‍ക്ക് സ്ട്രോക്ക് ഉണ്ടായതായി കണ്ടെത്തി.