റെയില്‍വേ ട്രാക്കില്‍ ഫെന്‍സിങ് കോണ്‍ക്രീറ്റ് തൂണ്‍ വച്ച് തടസം സൃഷ്ടിച്ചതിന്റെ പേരില്‍ 16കാരന്‍ പൊലീസ് പിടിയിലായി. ഉത്തര്‍പ്രദേശിലെ ബാന്ദ–മെഹോബ ട്രാക്കിലാണ് സംഭവം. പാസഞ്ചര്‍ ട്രെയിന്‍ ലോക്കോ പൈലറ്റിന്റെ അതിവേഗ ഇടപെടലിനെത്തുടര്‍ന്നാണ് വലിയ ദുരന്തം ഒഴിവായത്. ട്രാക്കില്‍ കോണ്‍ക്രീറ്റ് തൂണ്‍ കണ്ട ലോക്കോ പൈലറ്റ് എമര്ജന്‍സി ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്തി തലനാരിഴക്ക് അപകടത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.
ഇന്നലെ ഉച്ചക്കുശേഷമാണ് സംഭവം. ട്രെയിന്‍ ബ്രേക്കിട്ടതിനു പിന്നാലെ ലോക്കോപൈലറ്റ് റെയില്‍വേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആര്‍പിഎഫും പൊലീസും സ്ഥലത്തെത്തി നടത്തിയ പരിശോധനക്കും അന്വേഷണത്തിനും പിന്നാലെ 16കാരനെ അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി മേഖലാ സര്‍ക്കിള്‍ ഓഫീസര്‍ ദീപക് ദുബേ പറഞ്ഞു.
ബൈരിയയിലും ഇന്നലെ രാവിലെ സമാനസംഭവം ഉണ്ടായി. ബൈരിയയിലെ ട്രാക്കില്‍ ആരോ കൊണ്ടുവച്ച കല്ലില്‍ റെയില്‍ എഞ്ചിന്‍ തട്ടിയതിനത്തുടര്‍ന്ന് അല്‍പനേരം ഗതാഗതം തടസപ്പെട്ടു. എന്നാല്‍ മറ്റു അപകടങ്ങളൊന്നുമില്ലാതെ ബൈരിയയിലും സമാനസാഹചര്യത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു . ഇവിടെയും ലോക്കോപൈലറ്റിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് മറ്റ് അപകടങ്ങളൊന്നുമില്ലാതിരുന്നത്.