പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 20കാരന്‍റെ വീടിന് തീയിട്ട് നാട്ടുകാര്‍. തെലങ്കാനയിലെ സിദ്ദിപേട്ട് ഗ്രാമത്തില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. 7 വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 20കാരനെ പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. പീഡന വിവരം പുറത്തറിഞ്ഞതോടെ രോഷാകുലരായ നാട്ടുകാര്‍ പ്രതിയുടെ വീടും വാഹനങ്ങളും തീയിട്ട് നശിപ്പിക്കുകയായിരുന്നെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവസ്ഥലത്ത് പൊലീസ് എത്തിയ ശേഷമാണ് നാട്ടുകാര്‍ ശാന്തരായത്.
ഐടിഐ വിദ്യാര്‍ഥിയും ഡ്രൈവറുമായ പ്രതി ശനിയാഴ്ച്ചയാണ് സമീപവാസിയായ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി അകത്തുകയറിയ പ്രതി കുട്ടിയെ പീഡിപ്പിച്ച ശേഷം കടന്നുകളയുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ മാതാപിതാക്കളോട് പെണ്‍കുട്ടി നടന്ന സംഭവങ്ങള്‍ പറഞ്ഞു. തുടര്‍ന്നാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. പ്രതിക്കെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പൊലീസ് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴിയെടുത്ത പൊലീസ്, കേസില്‍ അന്വേഷണം പുരോഗിമിക്കുകയാണെന്ന് അറിയിച്ചു. സംഭവം നടന്നത് ശനിയാഴ്ച്ചയാണെങ്കിലും ഞായറാഴ്ച്ചയാണ് നാട്ടുകാര്‍ പീഡനവിവരം അറിയുന്നത്. അതിനിടെ, ഏഴുവയസ്സുകാരിയെ 20-കാരന്‍ പീഡിപ്പിച്ചെന്നവിവരം സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ രോഷാകുലരായ നാട്ടുകാര്‍ ഗ്രാമത്തില്‍ സംഘടിക്കുകയും പ്രതിയുടെ വീട്ടിലെത്തി വാഹനങ്ങളും മറ്റു സാധനങ്ങളുടക്കം തീയിട്ട് നശിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.