പാർലമെന്‍റ് മകര കവാടത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട ബിജെപി, കോൺഗ്രസ് പരാതികൾ അന്വേഷിക്കാൻ ഡൽഹി ക്രൈംബ്രാഞ്ച് ഏഴംഗ അന്വേഷണസംഘം രൂപീകരിച്ചു. സി.സി.ടി.വി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് സംഘം ഉടന്‍ പാർലമെൻറ് അധികൃതർക്ക് കത്ത് നൽകും. ബിജെപി പരാതിയിൽ ഉണ്ടായ നടപടികൾ തങ്ങളുടെ പരാതിയിൽ ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് ചോദിച്ചു. രാജ്യ വ്യാപക പ്രതിഷേധം നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചു.
രണ്ട് എസിപിമാരും രണ്ട് ഇൻസ്പെക്ടർമാരും മൂന്ന് സബ് ഇൻസ്പെക്ടർമാരും അടങ്ങിയതാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. ഉടൻതന്നെ സംഘം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. ശേഷം ഡിസിപിക്ക് റിപ്പോർട്ട് നൽകും. ബിജെപി പരാതിയുടെ അടിസ്ഥാനത്തിൽ രാഹുൽ ഗാന്ധിക്കെതിരെ മുറിവേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, ബലപ്രയോഗം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. രാഹുലിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.
വനിതാ കമ്മീഷന് പുറമെ എസ്.സി- എസ്ടി കമ്മീഷനും രാഹുല്‍ ഗാന്ധിക്കെതിരെ സ്വമേധേയാ കേസെടുത്തേക്കും. അതേസമയം ബിജെപി എംപിമാർക്കെതിരായ പരാതിയില്‍ എന്തുകൊണ്ട് നടപടിയില്ലെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു.
അംബേദ്കറെ അപമാനിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കുകയും മാപ്പുപറയുകയും വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് 24 ന് രാജ്യത്തെ അംബേദ്കർ പ്രതിമകൾക്ക് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. നാളെയും മറ്റന്നാളും എം പിമാരും പ്രവർത്തക സമിതി അംഗങ്ങളും 150 നഗരങ്ങളിൽ വാർത്ത സമ്മേളനങ്ങൾ നടത്തും. 27 ന് കർണാടകയിൽ പ്രവര്‍ത്തക സമിതിക്ക് ശേഷം മഹാറാലിയും നടത്തും. ഇന്ന് ജയ്പൂരിൽ നടത്തിയ പ്രതിഷേധ റാലിക്ക് നേരെ പോലീസ് ലാത്തിചാർജും കണ്ണീർവാതകവും പ്രയോഗിച്ചതോടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റതായി കോൺഗ്രസ് അറിയിച്ചു. യുപിയിൽ ഉടനീളം സമാജ് പാർട്ടിയും പ്രതിഷേധം സംഘടിപ്പിച്ചു.