മനുഷ്യമനസാക്ഷിയെ വിറങ്ങലിപ്പിച്ച സംഭവമായിരുന്നു 2017ല്‍ കോലാപൂരിലുണ്ടായത്. അമ്മയെ വെട്ടിമുറിച്ച് അവയവങ്ങള്‍ വേവിച്ച മകന് അന്ന് കോലാപൂര്‍ കോടതി വധശിക്ഷ വിധിച്ചു. കോലാപൂര്‍ കോടതിയുടെ വധശിക്ഷ ശരിവക്കുകയാണ് ബോംബെ ഹൈക്കോടതിയും. അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവം എന്നാണ് ഹൈക്കോടതി മകന്റ മാനസികാവസ്ഥയെ കണക്കാക്കിയത്. വധശിക്ഷയില്‍ കുറഞ്ഞൊരു ശിക്ഷ മകന്‍ അര്‍ഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. നരഭോജനം എന്നും പ്രാകൃതത്വം എന്നും വിശേഷിപ്പിച്ചാണ് ഹൈക്കോടതി സുനില്‍രാമ കുച്ച്കോരവിയുടെ വധശിക്ഷ ശരിവച്ചത്.
ജസ്റ്റിസ് രേവതി മെഹ്തെ,ദേരെ, പൃഥ്വിരാജ് ചവാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. അപ്പീല്‍ പരിഗണിക്കേണ്ട ആവശ്യം കൂടിയില്ലെന്ന തരത്തിലായിരുന്നു ഒറ്റനോട്ടത്തില്‍ തന്നെ ബെഞ്ചിന്റെ വിലയിരുത്തല്‍ വ്യക്തമാക്കിയത് .കേസിന്റ വിചാരണ പൂര്‍ത്തിയായി 2021ലാണ് കോലാപ്പൂര്‍ കോടതി ശിക്ഷ വിധിച്ചത്. യേര്‍വാഡ ജയിലില്‍ നിന്നും വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് പ്രതി ശിക്ഷാവിധി കേട്ടത്.
അമ്മയെ കൊലപ്പെടുത്തി എന്നത് മാത്രമല്ല ഈ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാകുന്നതിനു കാരണമെന്ന് ജസ്റ്റിസ് പൃഥ്വിരാജ് ചവാന്‍ വിലയിരുത്തി , ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി ഹൃദയവും വാരിയെല്ലുകളും എണ്ണയില്‍ ഒഴിച്ച് പാചകം ചെയ്തു എന്നതാണ് സംഭവത്തെ കേട്ടുകേള്‍വിയില്ലാത്ത ക്രൂരതയാക്കി മാറ്റിയതെന്നും പ്രതി വധശിക്ഷയില്‍ കുറഞ്ഞൊന്നും അര്‍ഹിക്കുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി. അമ്മയുടെ തലച്ചോറും, ഹൃദയവും,വാരിയെല്ലുകളും,കുടലും, എന്തിന് ജനനേന്ദ്രിയം പോലും കീറിമുറിച്ചയാളാണ് പ്രതിയെന്നും ശിക്ഷ മരിക്കും വരെ ജീവപര്യന്തമാക്കി കുറച്ചാല്‍ പോലും അയാള്‍ ജയിലിലെ മറ്റു സഹവാസികള്‍ക്ക് വലിയ ഭീഷണിയായി മാറുമെന്നും ജസ്റ്റിസ് ദേരെ വ്യക്തമാക്കി.
2017 ഓഗസ്റ്റ് 28നാണ് മഹാരാഷ്ട്രയെ പിടിച്ചുകുലുക്കിയ കൊലപാതകം അരങ്ങേറിയത്. കുച്ച്കോരവി തന്റെ 63 വയസുള്ള അമ്മ യെല്ലമ്മ രാമ കുച്ച്കോരവിയെ ക്രൂരമായി കൊലപ്പെടുത്തുകയും അവയവങ്ങള്‍ വെട്ടിമുറിച്ച് എണ്ണയിലിട്ട് വേവിക്കുകയും ചെയ്തു എന്നാണ് പ്രോസിക്യൂഷന്‍ വാദം. അയൽവാസിയായ 8 വയസ്സുകാരിയാണ് സ്ത്രീയെ രക്തത്തിൽകുളിച്ച നിലയിൽ ആദ്യം കണ്ടതും സമീപവാസികളെ അറിയിച്ചതും. തുടർന്ന് പൊലീസ് എത്തുമ്പോൾ സുനിൽ അമ്മയുടെ മൃതദേഹം മുറിച്ച് ശരീരഭാഗങ്ങൾ പാചകം ചെയ്യുകയായിരുന്നു. അതേസമയം കുച്ച്കോരവിയുടെ ജീവിത പശ്ചാത്തലവും മാനസികാവസ്ഥയും പരിഗണിക്കണമെന്നും മാനസികരോഗിയാണെന്നതിന് തെളിവു നല്‍കാന്‍ സമയം അനുവദിക്കണമെന്നും വാദിഭാഗം അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെട്ടു.