മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ തട്ടകം പിടിച്ചെടുക്കാന്‍ നേരത്തെ തന്നെ കളത്തിലിറങ്ങി കോണ്‍ഗ്രസ്. ഇക്കുറി, താനയിലെ തിരഞ്ഞെടുപ്പ് നിരീക്ഷകന്‍റെ ചുമതല കേരളത്തില്‍ നിന്നുള്ള എംഎല്‍എ സജീവ് ജോസഫിനാണ്.

‌മലയാളി സാന്നിധ്യം ഏറെ പ്രകടമാകുന്ന തിരഞ്ഞെടുപ്പാണ് ഇക്കുറി മഹാരാഷ്ട്രയിലേത്. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള രമേശ് ചെന്നിത്തലയ്ക്കൊപ്പം എഐസിസി നിരീക്ഷകരായി കോണ്‍ഗ്രസ് എംഎല്‍എമാരുണ്ട്. താനെ മേഖലയുടെ ചുമതലയുള്ള ഇരിക്കൂര്‍ എംഎല്‍എ സജീവ് ജോസഫ് നവി മുംബൈയില്‍ പര്യടനം തുടങ്ങിക്കഴിഞ്ഞു. ഇതിനിടയിലാണ് മുംബൈ നോര്‍ത്ത് വെസ്റ്റിലെ ചുമതലക്കാരന്‍ അന്‍വര്‍ സാദത്ത് എംഎല്‍‌എയെ കണ്ടുമുട്ടുന്നത്. 

മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ തട്ടകമായ താനെയില്‍ ശിവസേന വോട്ടുകളില്‍ വിള്ളല്‍‌ വീഴ്ത്തുക എളുപ്പമല്ലെന്ന് പാര്‍ട്ടിക്കറിയാം. എന്നാല്‍ ബൂത്ത് തലംമുതലുള്ള ചിട്ടയായ പ്രവര്‍ത്തനം ഇക്കുറി കാര്യങ്ങളില്‍ മാറ്റം വരുത്തും. ഇവിടെ നിന്ന് ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടും താനെയുടെ വികസനം വട്ടപ്പൂജ്യമെന്ന് കോണ്‍ഗ്രസ്.

ഓരോ ഭാരവാഹിയില്‍ നിന്നും പ്രവര്‍ത്തകനില്‍ നിന്നും പ്രശ്നങ്ങള്‍ നേരിട്ട് കേള്‍ക്കും. താനെ മേഖലയിലെ ആറില്‍ മൂന്ന് നിയമസഭാ സീറ്റെങ്കിലും പിടിക്കുക എന്നതാണ് ലക്ഷ്യം. ലോക്സഭാ തിരഞ്ഞെടുപ്പിലെ വലിയ വിജയം തന്നെയാണ് ആത്മവിശ്വാസം പകരുന്ന ഘടകം. മുംബൈ ഒഴികെയുള്ള സംസ്ഥാനത്തെ എല്ലാ മേഖലകളിലും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

ENGLISH SUMMARY:

Congress to capture the seat of Eknath Shinde