rajghat

TOPICS COVERED

155-ാം ഗാന്ധിജയന്തി ദിനത്തിൽ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാക്കളും.  സത്യം, അഹിംസ, സ്നേഹം തുടങ്ങിയ മൂല്യങ്ങൾ ഉൾക്കൊണ്ട് രാജ്യത്തിന്‍റെ വികസനത്തിനായി പരിശ്രമിക്കാമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു എക്സില്‍ കുറിച്ചു.  സ്വച്ഛ് ഭാരത് മിഷൻ 10 വർഷം പിന്നിടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി 10,000 കോടിയുടെ ശുചിത്വ പദ്ധതികള്‍ക്ക് തുടക്കമിട്ടു.

ഗാന്ധിജിയുടെ ആശയങ്ങള്‍ പ്രസക്തമാകുന്ന കാലത്താണ് ഗാന്ധി ജയന്തി ദിനം കടന്നുപോകുന്നത്.  അതിരാവിലെ തന്നെ രാജ്ഘട്ടില്‍ സര്‍വമത പ്രാര്‍ഥന ആരംഭിച്ചു.  രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി ,സ്പീക്കർ ഓം ബിർള ,പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്  തുടങ്ങിയവർ രാജ് ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. 

ഗാന്ധിജിയുടെ ജീവിതം  മനുഷ്യരാശിക്കുള്ള അതുല്യമായ സന്ദേശമാണെന്നും സത്യം, അഹിംസ, സ്നേഹം തുടങ്ങിയ മൂല്യങ്ങൾ ഉൾക്കൊണ്ട് രാജ്യത്തിന്‍റേയും സമൂഹത്തിന്‍റേയും വികസനത്തിനായി പരിശ്രമിക്കാമെന്നും രാഷ്ട്രപതി എക്സിൽ കുറിച്ചു. സത്യത്തിലും ഐക്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ ഗാന്ധിജിയുടെ ജീവിതവും ആദർശങ്ങളും എന്നും  പ്രചോദനമെന്ന്  പ്രധാനമന്ത്രി പ്രതികരിച്ചു. 

സ്വച്ഛ് ഭാരത് മിഷന്‍റെ ഭാഗമായ ക്ലീന്‍ ഗംഗ, അമൃത്  തുടങ്ങി 10,000 കോടിയുടെ ശുചിത്വ പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി തുടക്കമിട്ടത്. ഗാന്ധിജിയുടെ സ്വച്ഛ് ഭാരത് സ്വപ്നം സാക്ഷാത്കരിക്കുന്നു എന്ന് പ്രധാനമന്ത്രി. ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ചൂലെടുത്ത് ശുചീകരണത്തിനും ഇറങ്ങി മോദി.

ENGLISH SUMMARY:

President, Prime Minister and opposition leaders paid floral tributes at Rajghat on Gandhi Jayanti