ചൈനയുമായി ചര്‍ച്ചകള്‍ തുടരുമ്പോഴും കിഴക്കന്‍ ലഡാക്കില്‍ സൈനിക വിന്യാസത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് കരസേനാ മേധാവി. ഗാല്‍വാന്‍ സംഘര്‍ഷത്തിന് മുന്‍പുള്ള അവസ്ഥ യഥാര്‍ഥ നിയന്ത്രണ രേഖയിലുണ്ടാകണമെന്നും കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.
കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷത്തിനുശേഷം രണ്ടുതവണയാണ് ഇന്ത്യയും ചൈനയും തമ്മില്‍ നയതന്ത്ര ചര്‍ച്ചകള്‍ നടന്നത്. ഇരുരാജ്യങ്ങളിലെയും സൈനികര്‍ തമ്മില്‍ കോര്‍പ്സ് കമാന്‍ഡര്‍ തല ചര്‍ച്ച നടന്നത് 21 തവണയും. എന്നാല്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകാതെ,, ഇന്ത്യയോട് ചര്‍ച്ച എന്ന ആവശ്യം മുന്നോട്ട് വയ്ക്കുന്ന ചൈനീസ് നിലപാടിനെയാണ് കരസേനാ മേധാവി ചോദ്യംചെയ്യുന്നത്.
നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹാരം സാധ്യമാണ്. എന്നാല്‍ സൈനിക കമാന്‍ഡര്‍മാരോട് കൂടിയാലോചനയില്ലാതെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്നും കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിതര്‍ക്കം സങ്കീര്‍ണമായി തുടരുന്നു. പ്രത്യേകിച്ചും ദെപ്സാങ്ങിലും ദെംചോക്കില്‍നിന്നും ചൈന പിന്‍മാറാത്ത സാഹചര്യത്തില്‍.
2020 മേയിലാണ് കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിച്ചത്. അതിര്‍ത്തിയില്‍ സമാധാനം സാധ്യമാകാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണനിലയിലാകില്ലെന്നാണ് ഇന്ത്യന്‍ നിലപാട്.