ഛത്തീസ്ഗഡില്‍ വന്‍ മാവോയിസ്റ്റുവേട്ട. ബസ്തര്‍ മേഖലയില്‍ 30 മാവോയിസ്റ്റുകളെ പൊലീസ് വധിച്ചു. വന്‍ ആയുധശേഖരവും കണ്ടെത്തി. ഏറ്റുമുട്ടലും തിരച്ചിലും തുടരുകയാണ്. നാരായണ്‍പൂര്‍ – ദന്തേവാഡ ജില്ലകളുടെ അതിര്‍ത്തിയിലെ വനമേഖലയിലാണ് മാവോയിസ്റ്റുകളുമായി രൂക്ഷമായ ഏറ്റുമുട്ടലുണ്ടായത്.
ഛത്തീസ്ഗഡ് പൊലീസിന്റെ സ്‌പെഷൽ ടാസ്‌ക് ഫോഴ്സും ജില്ലാ റിസർവ് ഗാർഡുകളുമാണ് മാവോയിസ്റ്റുകളെ നേരിട്ടത്. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നലെ വൈകിട്ട് മുതൽ തുൽതുലി, നെന്ദൂർ ഗ്രാമങ്ങളിൽ തിരച്ചിൽ നടന്നുവരുന്നതിനിടെയാണ് ഉച്ചയ്ക്ക് ഒരുമണിയോടെ ഏറ്റുമുട്ടൽ തുടങ്ങിയത്.
മാവോയിസ്റ്റുകളിൽനിന്ന് പിടിച്ചെടുത്തവയില്‍ എകെ 47 തോക്കുകളും എസ്എല്‍ റൈഫിളുകളും ഐഇഡി നിര്‍മാണ വസ്തുക്കളും ഉൾപ്പെടുന്നതായി ബസ്തർ ഐജി പി.സുന്ദർരാജ് പറഞ്ഞു. രാജ്യത്ത് ഇന്നും മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായ ബസ്‌തർ മേഖലയിലെ ഏഴ് ജില്ലകളിൽ ഈവർഷം ഇതുവരെ 185 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചിട്ടുണ്ട്.
ആയുധം താഴെവച്ച് സമാധാനത്തിന്റെ പാതയിലേക്ക് വരാത്ത മാവോയിസ്റ്റുകളെ 2026 മാർച്ചോടെ രാജ്യത്തുനിന്ന് അമർച്ച ചെയ്യുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരിക്കുന്നത്.