TOPICS COVERED

കൊല്‍ക്കത്ത മഹിഷ്മാരിയില്‍  ഒന്‍പത് വയസുകാരിയുടെ മൃതദേഹം കുളത്തിൽ  കണ്ടെത്തി.  വെളളിയാഴ്ച്ച ട്യൂഷന്‍ ക്ലാസില്‍ പോയ പെണ്‍കുട്ടിയെയാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍  രാത്രിയോടെ ജോയ്ന​ഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുളത്തില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തി. സംഭവം അറിയിച്ചിട്ടും ശനിയാഴ്ച്ച പുലര്‍ച്ചെയാണ് പൊലീസ് സ്ഥലത്തെത്തിയത്.  തുടര്‍ നടപടി സ്വീകരിക്കുന്നതില്‍  പൊലീസ് അനാസ്ഥ കാണിച്ചെന്ന് ആരോപിച്ച് നാട്ടുകാര്‍ പൊലീസ് ക്യാംപിന് തീയിടുകയും സ്റ്റേഷൻ ഉപരോ​ധിക്കുകയും ചെയ്തു. 

ഉച്ചയോടെ ട്യൂഷന് പോയ പെണ്‍കുട്ടി വൈകിയും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് കുടുംബം  സമീപത്തെ പൊലീസ് ക്യാംപില്‍ വിവരമറിയിച്ചത്. എന്നാല്‍ പൊലീസ് സ്റ്റേഷനിൽ പോയി പരാതിപ്പെടാനായിരുന്നു ക്യാംപില്‍ നിന്നും ലഭിച്ച  നിർദേശം. പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിട്ടും വെളളിയാഴ്ച്ച രാത്രിയോടെയാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ കേസെടുത്തെങ്കിലും പൊലീസിന്‍റെ ഭാഗത്ത് നിന്നും കാര്യമായ അന്വേഷണമുണ്ടായില്ലെന്ന് കുടുംബം പറയുന്നു.

നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും  ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ്   സമീപത്തെ കുളത്തില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. വിവരം പൊലീസില്‍ അറിയിച്ചെങ്കിലും ശനിയാഴ്ച്ച രാവിലെയോടെയാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. പൊലീസിന്‍റെ അനാസ്ഥയില്‍ പ്രകോപിതരായ നാട്ടുകാര്‍   ക്യാംപിലെത്തി  സാധനസാമഗ്രികള്‍ കത്തിച്ചു. തുടര്‍ന്ന്  ക്യാംപിന് തീയിട്ടു.  പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തിയ ആൾക്കൂട്ടം അവിടെയും അക്രമം അഴിച്ചുവിട്ടു. ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചതോടെയാണ് നാട്ടുകാര്‍ പിന്തിരിഞ്ഞത്. 

അതേസമയം കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ 18കാരനായ യുവാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ്  ഇയാളെ  തിരിച്ചറിഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി. കുട്ടി പീഡനത്തിനിരയായിട്ടുണ്ടോ എന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാനാകൂ എന്നും പൊലീസ്   വ്യക്തമാക്കി. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിക്ക് കൈമാറിയിരിക്കുകയാണ്. 

ENGLISH SUMMARY:

Villagers clash with police over murder of 9-year-old girl in Bengal