അത്യന്തം നാടകീയത നിറഞ്ഞതായിരുന്നു ഹരിയാനയിലെ വോട്ടെണ്ണല്‍. ആദ്യമണിക്കൂറില്‍ 60 സീറ്റിലേറെ ലീഡ് നേടിയ കോണ്‍ഗ്രസ്, സംസ്ഥാനം തൂത്തുവാരുമെന്നായിരുന്നു വിലയിരുത്തല്‍. എ.ഐ.സി.സി. ആസ്ഥാനത്ത് ആഘോഷവും തുടങ്ങി. എന്നാല്‍ പിന്നീട് കണ്ടത് ബി.ജെ.പിയുടെ അപ്രതീക്ഷിത മുന്നേറ്റമായിരുന്നു.
വോട്ടെണ്ണല്‍ തുടങ്ങി അരമണിക്കൂറില്‍ തന്നെ ലീഡ് നിലയില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം മറികടന്നു. ഒന്‍പതുമണിയായപ്പോഴേക്കും ലീഡ് 60 ആയി. പ്രവര്‍ത്തകര്‍ ആഘോഷവും തുടങ്ങി. വോട്ടെണ്ണല്‍ തുടരവെ ലീഡ് നില മാറാന്‍ തുടങ്ങി. ബി.ജെ.പി ലീഡ് ഇരുപതില്‍നിന്ന് മുപ്പതിലേക്കും നാല്‍പതിലേക്കും എത്തിയതോടെ കോണ്‍ഗ്രസ് ക്യാംപില്‍ ആശങ്ക നിറഞ്ഞു. പിന്നാലെ ആഘോഷങ്ങള്‍ നിര്‍ത്തിവച്ചു. അപ്പോഴും പ്രതീക്ഷ കൈവിട്ടില്ല ഹരിയാനയിലെ പാര്‍ട്ടി നേതൃത്വം.
മറുവശത്ത് അതുവരെ നിശബ്ദമായിരുന്ന ബി.ജെ.പി കേന്ദ്രങ്ങള്‍ ആവേശത്തിലായി. വക്താക്കള്‍ ഓരോരുത്തരായി പ്രതികരണവുമായി എത്തിത്തുടങ്ങി. പ്രതീക്ഷയ്ക്ക് വകയില്ലെന്ന് ഉറപ്പായതോടെ ഡല്‍ഹിയിലെയും റോഹ്തക്കിലെയും കോണ്‍ഗ്രസ് ഓഫിസുകള്‍ മൂകമായി. ഇതിനിടെ വെബ്സൈറ്റില്‍ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി.