ഹരിയാനയിൽ നായിബ് സിങ് സൈനി വീണ്ടും മുഖ്യമന്ത്രി ആയേക്കും. നിയമസഭ തിരഞ്ഞെടുപ്പിലെ മിന്നും പ്രകടനത്തിന്‍റെ പശ്ചാത്തലത്തിൽ മറ്റൊരു പേര് സ്ഥാനത്തേക്ക് ഉയർന്നുവരാൻ സാധ്യതയില്ല. വൈകാതെ പാർലമെന്‍ററി പാർട്ടി യോഗം ചേരും.

ഹരിയാനയിൽ അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ ബി.ജെ.പി ദേശീയ നേതൃത്വത്തിന് കൂടുതൽ ചിന്തിക്കേണ്ടി വരില്ല. കർഷക സമരം, ഗുസ്തി താരങ്ങളുടെ പ്രതിഷേധം, അഗ്നിപഥ് വിവാദം തുടങ്ങി പ്രതികൂല ഘടകങ്ങൾ ഏറെയുണ്ടായിട്ടും സംസ്ഥാനത്ത് ബി.ജെ.പി ത്രസിപ്പിക്കുന്ന വിജയം നേടിയത് നായിബ് സിങ്ങ് സൈനിയുടെ പ്രവർത്തന മികവുകൊണ്ടാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റൊരു പേര് ഉയർന്നു വരാൻ ഇടയില്ല. പ്രധാനമന്ത്രിയും ഇന്നലെ സൈനിയെ പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചിരുന്നു

മന്ത്രി അനിൽ വിജ് നേരത്തെ മുഖ്യമന്ത്രി പദത്തിന് താൽപര്യം അറിയിച്ചിരുന്നെങ്കിലും പരിഗണിക്കില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. മുഖ്യമന്ത്രിയായി ചുമതലയേറ്റ് ആറുമാസത്തിനകം ഒട്ടേറെ പദ്ധതികളിലൂടെ ജനവികാരം മാറ്റിയെടുക്കാൻ സൈനിക്ക് സാധിച്ചു. ജാട്ട് വിഭാഗങ്ങൾ അകന്നപ്പോൾ പിന്നോക്ക വിഭാഗങ്ങളെ കൂടെ നിർത്താനയതും സൈനിയുടെ നേട്ടമായി ദേശീയ നേതൃത്വം വിലയിരുത്തുന്നു. 

ENGLISH SUMMARY:

BJP leader Nayab Singh Saini may become the Chief Minister again in Haryana