11 വര്‍ഷത്തെ കൂട്ടെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഗോവയെന്ന നായയ്ക്ക് രത്തന്‍ ടാറ്റയുമായുണ്ടായിരുന്ന സ്നേഹബന്ധത്തിന്‍റെ ആഴം അതിലുമെത്രയോ നീളും. അന്തിമോപചാരം അര്‍പ്പിക്കാനെത്തിയവരുടെ കണ്ണുകളെ ഈറനണിയിച്ച് പ്രിയപ്പെട്ട യജമാനന്‍റെ അവസാനയാത്രയില്‍ ഗോവ കൂട്ടിരുന്നു. മൂവര്‍ണ പതാക പുതച്ച് വച്ചിരുന്ന രത്തന്‍ ടാറ്റയുടെ ശവമഞ്ചത്തിന് തൊട്ടരികിലായി ഗോവ ഇരിപ്പുറപ്പിച്ചിരുന്നു.
രത്തന്‍ ടാറ്റയ്ക്ക് വെറുമൊരു നായയായിരുന്നില്ല ഗോവ. പതിറ്റാണ്ട് മുന്‍പുള്ളൊരു ഗോവ ട്രിപ്പിലാണ് രത്തന്‍ ടാറ്റയെ ഒരു തെരുവുനായ അനുഗമിക്കാന്‍ തുടങ്ങിയത്. നായ തന്നെ വിടാതെ പിന്തുടരുന്നത് കണ്ടതോടെ രത്തന്‍റെ മനസലിഞ്ഞു. അവനെ ദത്തെടുത്ത് മുംബൈയിലേക്ക് കൊണ്ടുപോരാന്‍ തീരുമാനിച്ചു. ഗോവയില്‍ നിന്ന് കിട്ടിയത് കൊണ്ട് 'ഗോവ'യെന്ന് തന്നെ സ്നേഹപൂര്‍വം വിളിക്കുകയും ചെയ്തു. ടാറ്റ ഗ്രൂപ്പിന്‍റെ കേന്ദ്രമായ ബോംബൈ ഹൗസില്‍ ഗോവയ്ക്ക് അങ്ങനെ അഭയമൊരുങ്ങി.
രത്തന്‍റെ പ്രിയപ്പെട്ട അരുമകളിലൊന്നായിരുന്നു ഗോവയെന്ന് പരിചാരകന്‍ സാക്ഷ്യപ്പെടുത്തുന്നു. ഗോവയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ രത്തന്‍ മുന്‍പ് പങ്കുവച്ചിട്ടുണ്ട്. അരുമകളോടുള്ള രത്തന്‍ ടാറ്റയുടെ വാല്‍സല്യം ലോകപ്രശസ്തമായിരുന്നു. കാണാതായ നായകളെ ഉടമസ്ഥരിലേക്ക് തിരികെ എത്തിക്കാനും നായ്ക്കുട്ടികളുടെ ചികില്‍സയ്ക്കായി രക്തദാതാക്കളെ തേടിയുമെല്ലാം അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ വിവരങ്ങള്‍ പങ്കുവച്ചത് വാര്‍ത്തകളിലിടം പിടിച്ചിട്ടുണ്ട്.
മൃഗങ്ങളോടുള്ള വാല്‍സല്യവും സ്നേഹവും സ്മോള്‍ അനിമല്‍ ആശുപത്രിയുടെ പിറവിയിലേക്ക് നയിച്ചതും ചരിത്രമാണ്. നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും ഏറ്റവും മികച്ച ചികില്‍സ നല്‍കുന്ന ആശുപത്രിയാണ് മുംബൈയിലെ സ്മോള്‍ അനിമല്‍ ആശുപത്രി. 165 കോടിയിലേറെ രൂപ ചിലവിട്ടാണ് ടാറ്റഗ്രൂപ്പ് ചെയര്‍മാന്‍ എമിരിറ്റസായിരുന്ന രത്തന്‍ ടാറ്റ, ട്രസ്റ്റിന് കീഴില്‍ ഈ ആശുപത്രി സ്ഥാപിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വിദഗ്ധരായ ഡോക്ടര്‍മാരും പരിചാരകരുമാണ് ഇവിടെയുള്ളതും.