2021 ല്‍ രാജ്യത്തെയാകെ പിടിച്ചുലച്ച കര്‍ഷകസമരത്തിന്‍റെ ആവേശം ഹരിയാനയില്‍ കെട്ടടങ്ങിയ മട്ടാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ഭാരതീയ കിസാന്‍ യൂണിയന്‍ ഹരിയാന അധ്യക്ഷനും സംയുക്ത സംഘര്‍ഷ് പാര്‍ട്ടി നേതാവുമായ ഗുര്‍നാംസിങ് ചരുണി നേരിട്ടത് നാണംകെട്ട തോല്‍വി. കോണ്‍ഗ്രസാണ് മണ്ഡലത്തില്‍ വിജയിച്ചത്.
വിവാദ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ 2021 ല്‍ നടന്ന സമരത്തിന്‍റെ പ്രധാന മുഖങ്ങളില്‍ ഒന്നായിരുന്നു ഗുര്‍നാംസിങ് ചരുണി. സമരം വിജയിച്ചതോടെ സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലും സജീവമായി. എന്നാല്‍ മൂന്നുവര്‍ഷത്തിനിപ്പുറം ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ സിഖ് ഭൂരിപക്ഷ മേഖലയായ പെഹോവയില്‍ മല്‍സരിച്ച ഗുര്‍നാംസിങ്ങിന് ലഭിച്ചത് 1170 വോട്ടുകള്‍ മാത്രം. കെട്ടിവച്ച കാശും നഷ്ടമായി.
ശംഭു അതിര്‍ത്തിയില്‍ ഏഴു മാസമായി കര്‍ഷക സമരം തുടരുന്ന സാഹചര്യത്തില്‍ ചരുണി മികച്ച പ്രകടനം കാഴ്ചവയ്ക്കും എന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ കര്‍ഷക വോട്ടുകള്‍ ഏറെയും കോണ്‍ഗ്രസിന് ലഭിച്ചുവെന്നാണ് ഫലം വ്യക്തമാക്കുന്നത്. കര്‍ഷക പ്രതിഷേധം ആളെക്കൂട്ടുന്നുണ്ടെങ്കിലും അത് വോട്ടാവുന്നിലെന്നു തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു. നേരത്തെ പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പില്‍ 10 സീറ്റുകളില്‍ ചരുണിയുടെ പാര്‍ട്ടി മല്‍സരിച്ചെങ്കിലും ഒന്നില്‍പ്പോലും വിജയിച്ചില്ല.