ഇവിഎം ക്രമക്കേട് ആരോപണത്തിൽ നിയമനടപടികളിലേക്ക് കടക്കാൻ ഇന്ത്യ സഖ്യം. ഹരിയാന, മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഇവിഎം ക്രമക്കേട് നടന്നെന്ന ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയ സാഹചര്യത്തിലാണ് നീക്കം. ഉടൻ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചേക്കും.
എൻസിപി അധ്യക്ഷൻ ശരത് പവാർ, എഎപി കൺവീനർ അരവിന്ദ് കെജ്‌രിവാൾ, മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് സിംഗ്‌വി തുടങ്ങിയവർ നടത്തിയ കൂടിക്കാഴ്ചയിലാണ് കോടതിയെ സമീപിക്കാനുള്ള തീരുമാനം. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വിവിപാറ്റ് സ്ലിപ്പും വോട്ടെണ്ണവും തമ്മിൽ അന്തരം ഇല്ലെന്ന് ഇലക്ഷൻ കമ്മീഷൻ ഇന്നലെ കോൺഗ്രസിന് മറുപടി നൽകിയിരുന്നു. നേരത്തെ ഹരിയാനയിലെ ഇവിഎം ബാറ്ററി ചാർജ് പരാതി തള്ളിയ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് കോൺഗ്രസ് മാറിനിൽക്കണമെന്ന താക്കീതും നൽകിയിരുന്നു.