ഡല്‍ഹി ലഹരിവേട്ടയില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. തെക്കേ അമേരിക്കയില്‍നിന്ന് ദുബായ് വഴിയാണ് ലഹരിമരുന്ന് ഇന്ത്യയില്‍ എത്തിയതെന്നാണ് വിവരം. സംഘത്തിലെ പ്രധാനി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായിയാണ്. സംഗീത നിശകളുടെ ഭാഗമായി ലഹരിപാര്‍ട്ടികള്‍ക്കായാണ് കൊക്കെയ്ന്‍ എത്തിച്ചതെന്നും സൂചനയുണ്ട്.
കഴിഞ്ഞ 10 ദിവസത്തിനിടെ രണ്ടിടങ്ങളിലായി ഡല്‍ഹി പൊലീസ് നടത്തിയ പരിശോധനയിലാണ് 7500 കോടി രൂപ വലമതിക്കുന്ന 762 കിലോ കൊക്കെയ്ന്‍ പിടികൂടിയത്. രാജ്യാന്തര തലത്തില്‍ വ്യാപിച്ചുകിടക്കുന്ന വന്‍ സംഘമാണ് ഇതിന് പിന്നിലെന്ന് പൊലീസ് പറയുന്നു. തെക്കേ അമേരിക്കയില്‍നിന്ന് ദുബായ് വഴിയാണ് കൊക്കെയ്ന്‍ ഡല്‍ഹിയില്‍ എത്തിച്ചത്. മുംബൈ, ഗോവ എന്നിവിടങ്ങളിലേക്കും ലഹരിമരുന്ന് കണ്ടെയ്നറുകള്‍ എത്തി. ഡല്‍ഹി വ്യവസായിയായ വീരേന്ദര്‍ ബസോയ് ആണ് ലഹരികടത്തിന്‍റെ ഇന്ത്യയിലെ പ്രധാനകണ്ണി. ഇയാള്‍ നിലവില്‍ ദുബായിലാണ്.
Also Read; സ്വകാര്യ ആശുപത്രികള്‍ക്കും, ഡോക്ടര്‍മാരുടെ പെരുമാറ്റത്തിനും ധാര്‍മിക മാര്‍ഗരേഖ
കഴിഞ്ഞയാഴ്ച 5500 കോടിരൂപ വിലവരുന്ന ലഹരിമരുന്ന് പിടികൂടിയപ്പോള്‍ യു.കെയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരന്‍ ജിതേന്ദ്രപാല്‍ സിങ് അടക്കം നാലുപേര്‍ പിടിയിലായിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്നലെ നടത്തിയ പരിശോധനയിലാണ് 200 കിലോ കൊക്കെയ്ന്‍ കൂടി പിടിച്ചെടുത്തത്. കൊക്കെയ്ന്‍ സൂക്ഷിച്ചിരുന്ന ഗോഡൗണ്‍ ഉടമ യു.കെയിലേക്ക് കടന്നിരുന്നു.