തുടർച്ചയായ രണ്ടാം ദിവസവും വിഷപ്പുകയിൽ മുങ്ങി രാജ്യ തലസ്ഥാനം. വായു നിലവാരം 450 ന് മുകളിലാണ്. അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. നഗരം ഗുരുതരാവസ്ഥയിലായിട്ടും സർക്കാർ മുൻകരുതൽ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് അമിക്കസ് ക്യൂറി കോടതിയില്‍ പറഞ്ഞു.
വിഷപ്പുകയും മൂടൽമഞ്ഞും ശക്തമായതോടെ ഡൽഹി അക്ഷരാർഥത്തിൽ ഗാസ് ചേംബറിലായി. അതീവ ഗുരുതരം എന്ന വിഭാഗത്തിലാണ് വായു നിലവാരം. മലിനീകരണം സീസണിലെ ഏറ്റവും മോശം അവസ്ഥയിലായതോടെ ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അടിയന്തര യോഗം വിളിച്ചു ചേർത്തു. കരിമരുന്ന് നിരോധനം പ്രാവർത്തികമാകാത്തതും അയൽ സംസ്ഥാനങ്ങളിൽ വയൽ അവശിഷ്ടങ്ങൾ കത്തിക്കൽ തുടരുന്നതും സ്ഥിതി രൂക്ഷമാക്കുന്നു. മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹി ഇന്ദിര ഗാന്ധി രാജ്യാന്തരവിമാനത്താവളത്തിൽ രാവിലെ കാഴ്ച പരിധി 500 മീറ്ററായി കുറഞ്ഞു. പലവിമാനങ്ങളും വൈകിയാണ് സർവീസ് നടത്തിയത്. യാത്രയ്ക്ക് മുൻപ് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് എയർപോർട്ട് അധിക്യതർ മുന്നറിയിപ്പ് നൽകി.