രാമലീല അവതരിപ്പിക്കുന്നതിനിടെ വാനരന്‍മാരായി അഭിനയിച്ച രണ്ട് തടവുപുള്ളികള്‍ അതിവിദഗ്ധമായി ജയില്‍ ചാടി. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജയിലിലാണ് സംഭവം. രാമലീലയില്‍ സീതാദേവിയെ തേടിപ്പോകുന്ന വാനരസംഘത്തിലെ അംഗങ്ങളായിരുന്നു ഇരുവരും.
ജയില്‍ ചാട്ടത്തിന് രാമലീലയും ആയുധം. കൊലപാതകത്തിന് ജീവപര്യന്തം തടവുശിക്ഷ ലഭിച്ച ഉത്തരാഖണ്ഡ് റൂര്‍ക്കെ സ്വദേശിയായ പങ്കജ്, തട്ടിക്കൊണ്ടുപോകല്‍ കേസിലെ വിചാരണ തടവുകാരന്‍ യുപി ഗോണ്ട സ്വദേശി രാജ്കുമാര്‍ ഇവരാണ് രാമലീലുടെ മറവില്‍ ജയില്‍ ചാടിയത്. റോഷ്നാബാദ് ജയിലിനകത്തെ രാമലീലയ്ക്കിടെയാണ് സംഭവം. ഹനുമാന്‍റെ നേതൃത്വത്തില്‍ സീതാദേവിയെ തിരഞ്ഞുപോകുന്ന വാനരസംഘത്തിലെ അംഗങ്ങളായിരുന്നു ഇരുവരും. രാമലീലയ്ക്കിടെ ഇരുവരും ഓടിപ്പോകുന്നത് സുരക്ഷാ ഉദ്യോഗസ്ഥരടക്കം കണ്ടെങ്കിലും അഭിനയമെന്ന് കരുതി ഗൗനിച്ചില്ല. രാമലീല കഴിഞ്ഞിട്ടും വാനരപ്പട മടങ്ങിയെത്താതായതോടെയാണ് പൊലീസിന് അബദ്ധം മനസ്സിലായത്. വിചാരണ തടവുകാരോ ശിക്ഷിക്കപ്പെട്ടവരോ ആയിരുന്നു രാമലീലയിലെ അഭിനേതാക്കളെല്ലാം. കേള്‍ക്കുന്നവര്‍ക്ക് തമാശയെങ്കിലും പൊലീസിനിത് പണി പോകുന്ന കേസാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും. ഹരിദ്വാര്‍ പൊലീസ് ഇരുവര്‍ക്കുമായി നെട്ടോട്ടത്തിലാണ്.