ഉത്തരാഖണ്ഡിലെ ബദ്രിനാഥിലുണ്ടായ ഹിമപാതത്തില്‍ നാലുമരണം. അഞ്ചുപേര്‍ ഇപ്പോഴും മഞ്ഞില്‍ കുടുങ്ങിക്കിടക്കുന്നു. 46 പേരെ രക്ഷിച്ചു. മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി അപകടസ്ഥലത്ത് നേരിട്ടെത്തി സ്ഥിതി വലയിരുത്തി. പ്രധാനമന്ത്രി മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തേടി
സമയത്തോടും കാലാവസ്ഥയോടും മല്ലടിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ മുന്നോട്ടുപോകുന്നത്. കുടുങ്ങിയ 55 തൊഴിലാളികളില്‍ 50 പേരെയും ഇതിനോടകം പുറത്തെടുത്തെങ്കിലും നാലുപേര്‍ക്ക് ജീവന്‍ നഷ്ടമായി. അഞ്ചുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മഞ്ഞിനടിയിലെ വസ്തുക്കള്‍ കണ്ടെത്താന്‍ കഴിയുന്ന ഡ്രോണ്‍വേധ ഉപകരണം അപകടസ്ഥലത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് വ്യോമസേന. കരസേനയുടെയും വ്യോമസേനയുടെയും അഞ്ച് ഹെലികോപ്റ്ററുകള്‍ സ്ഥലത്തുണ്ട്.
രക്ഷപ്പെട്ട തൊഴിലാളികള്‍ ജോഷിമഠിലെ കരസേന ആശുപത്രിയില്‍ ചികില്‍സയിലാണ്. അപകടം നടന്ന സ്ഥലത്ത് രാവിലെ ആകാശനിരീക്ഷണം നടത്തിയ മുഖ്യമന്ത്രി പുഷ്കര്‍സിങ് ധാമി ജോഷിമഠിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ചു. കരസേന ഉദ്യോഗസ്ഥരുമായും സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയെ വിളിച്ച് സ്ഥിതിഗതികള്‍ ചോദിച്ചറിഞ്ഞു. ഇന്ന് മഞ്ഞുവീഴ്ച കുറഞ്ഞത് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി.