സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുച്ചിറപ്പള്ളിയില്‍ രണ്ട് മണിക്കൂറിലേറെ ആശങ്ക സൃഷ്ടിച്ചായിരുന്നു 141 യാത്രക്കാരുമായി എയര്‍ ഇന്ത്യയുടെ എക്സ്ബി 613 വിമാനം വട്ടമിട്ട് പറന്നുകൊണ്ടിരുന്നത്. ഒടുവില്‍ ആശങ്കയൊഴിഞ്ഞ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യിച്ചതിന് പിന്നാലെ കയ്യടി നേടുകയാണ് ക്യാപ്റ്റനും സഹ പൈലറ്റും. ആത്മധൈര്യത്തിന്റേയും മനസാന്നിധ്യത്തിന്റേയും നേര്‍രൂപം എന്ന് പ്രശംസിച്ചാണ് ക്യാപ്റ്റനും സഹ പൈലറ്റിനും അഭിനന്ദനപ്രവാഹം വരുന്നത്. ക്യാപ്റ്റന്‍ ഇഖ്റോ റിഫാദലിക്കും വനിതാ സഹപൈലറ്റായ മൈത്രേയി ശ്രീകൃഷ്ണയ്ക്കുമാണ് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദനങ്ങള്‍ നിറയുന്നത്.
ആശങ്കകള്‍ക്കൊടുവില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ വിമാനത്താവളമാകെ നിറഞ്ഞ കയ്യടിയോടെയാണ് വിമാനത്തെ സ്വീകരിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യിപ്പിച്ച പൈലറ്റിന് അഭിനന്ദനവുമായി എത്തി.
വെള്ളിയാഴ്ച വൈകുന്നേരം 5.40ന് ത്രിച്ചിയിൽ നിന്ന് പുറപ്പെട്ട ഷാർജയിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ് ഹൈഡ്രോളിക് തകരാറിനെ തുടർന്ന് ത്രിച്ചിയിൽ ലാൻഡ് ചെയ്യാൻ ആകാതെ ആകാശത്ത് വട്ടമിട്ട് പറന്നത്. 5:40 ആണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. ടേക്ക് ഓഫ് ചെയ്ത് 10 മിനിറ്റിനകം തകരാറ് തിരിച്ചറിഞ്ഞു. ഇതോടെ തിരിച്ച് ട്രിച്ചിയിലേക്ക് തന്നെ വരികയായിരുന്നു. 3000 കിലോ മീറ്റർ പറക്കാനുള്ള ഇന്ധനം ആയിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.
ബെല്ലി ലാന്‍ഡിങ്ങിനായുള്ള നിര്‍ദേശമാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ പൈലറ്റിന് കൈമാറിയത്. 90 ശതമാനത്തോളം ഇന്ധനം തീര്‍ത്ത് ഇതിന് തയ്യാറെടുക്കുകയും ചെയ്തു. എന്നാല്‍ നിര്‍ണായക സമയത്ത് ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തിക്കുകയും സാധാരണ ലാന്‍ഡിങ് സാധ്യമാവുകയും ആയിരുന്നു.