priyank-kanoog

വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കാത്ത മദ്രസകളെ സഹായിക്കരുതെന്ന നിര്‍ദേശത്തെ എതിര്‍ക്കുന്നത് പ്രീണന രാഷ്ട്രീയക്കാരാണെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കനൂംഗോ. ആയിരക്കണക്കിന് വിദ്യാര്‍ഥികളെ കണ്ട് പല അന്വേഷണങ്ങള്‍ നടത്തിയാണ് കമ്മിഷന്‍ ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. മദ്രസകളില്‍ മുസ്​ലിംകളല്ലാത്ത വിദ്യാര്‍ഥികളും പോകുന്നുണ്ട്. ഹിന്ദുക്കളെ ഇസ്​ലാം മതത്തെ കുറിച്ച് പഠിപ്പിക്കാന്‍ എന്തിനാണ് സര്‍ക്കാര്‍ പണം ചെലവിടുന്നെതന്നും മദ്രസയുടെ പേരില്‍ പണമുണ്ടാക്കലാണ് വഖഫ് ബോര്‍ഡുകള്‍ ചെയ്യുന്നതെന്നും കനൂംഗോ ആരോപിച്ചു. കോടതിയില്‍ പോയാല്‍ ആരുടെ വാദം ജയിക്കുമെന്ന് കാണാമെന്നും അദ്ദേഹം മുസ്​ലിം ലീഗിന്‍റെ വാദത്തിന് മറുപടിയായി പറഞ്ഞു.

 

അതേസമയം, കേന്ദ്ര ബാലാവകാശ കമ്മിഷന്‍റെ നിര്‍ദേശത്തിനെതിരെ വ്യാപക പ്രതിഷേധം. മദ്രസകള്‍ക്കുളള ധനസഹായം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ബാലാവകാശ കമ്മിഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച വാര്‍ത്ത മനോരമ ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. ഉത്തരവ് കേരളത്തെ ബാധിക്കില്ലെന്നും ഉത്തരേന്ത്യയെ ലക്ഷ്യമിട്ടുളള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും സമസ്തയുടെ യുവജന വിഭാഗമായ എസ്.വൈ.എസ് പറഞ്ഞു. ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ പൂട്ടിക്കാമെന്നത് മോഹം മാത്രമെന്നായിരുന്നു പി.വി. അന്‍വറിന്‍റെ പ്രതികരണം. മദ്രസകളുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ബാലാവകാശ കമ്മീഷനല്ലെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വനിത ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. നൂര്‍ബിന റഷീദും രംഗത്തെത്തി.

ENGLISH SUMMARY:

The National Commission for Protection of Child Rights (NCPCR) chairman on its direction to shutdown madrasas and stop funding.